ലോകം മുഴുവൻ കൊവിഡിന്റെ ഭീതിയിലാണെങ്കിലും അങ്ങ് ഖത്തറിൽ ഒരു അത്ഭുത നഗരമൊരുങ്ങുകയാണ്, ലുസെയ്ൽ. 2022 ലോകകപ്പിന് മുന്നോടിയായി ഖത്തർ പടുത്തുയർത്തുന്ന അത്ഭുത നഗരം. പൂർണമായും ആസൂത്രിത നഗര നിർമ്മാണ് ലുസെയ്ലിന്റെ കാര്യത്തിൽ നടക്കുന്നത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽനിന്ന് 20 കിലോമീറ്റർ തെക്കു മാറി, കടലിനോട് ചേർന്നുകിടക്കുന്ന സ്ഥലത്താണ് ലുസെയ്ൽ ഉയരുന്നത്.
ഏറ്റവും മികച്ച രാജ്യാന്തര നിലവാരമുള്ള 22 ഹോട്ടലുകളുടെ നിർമ്മാണമാണ് ലുസെയ്ൽ നഗരത്തിൽ പുരോഗമിക്കുന്നത്. ലോകകപ്പ് മൽസരങ്ങൾ നടക്കുന്ന പ്രധാന സ്റ്റേഡിയത്തിന് പുറമെ, ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള അഞ്ചു പരിശീലന മൈതാനങ്ങളും ലുസെയ്ലിൽ നിർമിക്കുന്നുണ്ട്. ഖത്തറിലെ ആദ്യത്തെ സുസ്ഥിര നഗരമാണ് ലുസെയ്ൽ.
ബീച്ച്, താമസ മേഖലകൾ, ദ്വീപ് റിസോർട്ടുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ആഡംബര ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, വിനോദ കേന്ദ്രങ്ങൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ഗോൾഫ് കോഴ്സ്, മനുഷ്യനിർമിത ദ്വീപുകൾ... ഇങ്ങനെ നീളുന്നു ഈ നഗരത്തിന്റെ പ്രത്യേകത. സാൻ ഫ്രാൻസിസ്ക്കോയെ അനുസ്മരിപ്പിക്കുന്ന ട്രാം ഇവിടത്തെ പ്രധാൻ ഗതാഗത മാർഗമായിരിക്കും. ട്രാമിനെ മെട്രോ വഴി ദോഹ നഗരവുമായി ബന്ധിപ്പിക്കും. ഖത്തർ ദേശീയ ദർശന രേഖ 2030ന്റെ അടിസ്ഥാനത്തിലാണ് ലുസെയ്ൽ നഗരം വികസിക്കുന്നക്. ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് കമ്പനിക്കാണ് നഗരവികസനത്തിന്റെ ചുമതല. 80,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇവിടത്തെ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്തെ സ്റ്റാൻഡ് തൊന്നൂറു ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.
38 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ലുസെയ്ൽ നഗരത്തിൽ നാലു ദ്വീപുകളാണുള്ളത്. പൂർണ സജ്ജമാകുന്നതോടെ 4.50 ലക്ഷം ജനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി ഈ നഗരം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.