corps

ഹാരിസ്ബർഗ്: ഒരു അപൂർവ ചെടി പൂവിട്ടത് ആഘോഷിക്കുകയാണ് പെൻസിൽവാനിയയിലെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ. വളരെ മനോഹരമായ സുഗന്ധംപരത്തുന്ന പൂവാണെന്ന് തെറ്റിദ്ധരിക്കണ്ട. സാക്ഷാൽ ശവത്തിന്റെ മണമാണ് ഇതിന്. കോർപ്പ്സ് ഫ്ലവർ അഥവാ മൃതദേഹപ്പൂവ് എന്നാണ് ആശാന്റെ പേര് പോലും. കെന്നറ്റ് സ്ക്വയറിലെ ലോംഗ്‌വുഡ് ഗാർഡൻസിലാണ് പൂവ് വിരിഞ്ഞിരിക്കുന്നത്. 1967 നുശേഷം ലോംഗ്‌വുഡ് ഗാർഡൻസിൽ കോർപ്പ്സ് ഫ്ലവർ ആദ്യമായാണ് പൂക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ.

'ലോകത്തിലെ ഏറ്റവും വലുതും അപൂർവവുമായ പൂച്ചെടികളിൽ ഒന്നാണ് മൃതദേഹപ്പൂവ്. പരാഗണം നടത്തുന്ന ജീവികളെ ആകർഷിക്കാൻ സഹായിക്കുന്നതാണ് ഇതിന്റെ മാംസം അഴുകിയ ഗന്ധം. അതേസമയം,​ 24 മുതൽ 48 മണിക്കൂർ വരെ നിലനിൽക്കുന്ന ഈ പൂവ് കാണാനുള്ള ടിക്കറ്റ് വളരെ വേഗം വിറ്റുപോകുന്നതായിട്ടാണ് ലോംഗ്‌വുഡ് ഗാർഡൻസ് അധികൃതർ നൽകുന്ന വിവരം. സസ്യപ്രേമികൾക്കായി പൂന്തോട്ടത്തിലെ സ്റ്റിങ്ക് കാമറ വഴിയുള്ള തത്സമയ സംപ്രേഷണവും പുറത്ത് ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ മണം അനുഭവിക്കാൻ പറ്റില്ലെന്നുമാത്രം.

♦ ശാസ്ത്രീയനാമം: അമോർഫോഫാലസ് ടൈറ്റാനം

♦ സ്വദേശം: ഇന്തോനേഷ്യൻ മഴക്കാടുകൾ

♦ പൂവിന്റെ കാലാവധി: 24-48 മണിക്കൂർ

♦ ഉയരം: മൂന്ന് മീറ്റർ