മുംബയ്: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസ് രാഷ്ട്രീയ അട്ടിമറിയിലൂടെ സത്യപ്രതിജ്ഞ നടത്തിയത് സംബന്ധിച്ച വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചുകൊണ്ട് ഒരു ദേശീയ മാദ്ധ്യമം നൽകിയ അപേക്ഷയിലാണ് കേന്ദ്രസർക്കാരിന്റെ മറുപടി.
സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതാര് , മഹാരാഷ്ട്ര ഗവർണർ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അവകാശവാദം സ്ഥിരീകരിച്ചതെങ്ങനെ, രാഷ്ട്രപതിഭരണം പിൻവലിക്കാൻ ഗവർണർ കേന്ദ്രത്തോട് ശുപാർശ ചെയ്‌തത് എപ്പോൾ തുടങ്ങിയ ചോദ്യങ്ങൾ കൊണ്ടാണ് വിവരാവകാശം സമർപ്പിച്ചിരുന്നത്.
വിവരാവകാശനിയമത്തിലെ സെക്ഷൻ 2(എഫ്), സെക്ഷൻ 8(1)(ഇ) പ്രകാരം അന്വേഷിച്ച വിവരങ്ങളുടെ സ്വഭാവം ചൂണ്ടിക്കാട്ടി വിവരാവകാശം നൽകാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് മറുപടി ലഭിച്ചത്. തുടർന്ന് അപ്പീൽ നൽകിയെങ്കിലും മന്ത്രാലയത്തിന്റെ അപ്പീൽ അതോറിട്ടി മന്ത്രാലയ നടപടിയെ ന്യായീകരിച്ചതായും ന്യായീകരിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് മുഖ്യമന്ത്രിയെ നിയമിക്കും മുമ്പ് നിരവധി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെയായിരുന്നു ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ. പിന്നീട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിറകെ ഫഡ്‌നാവിസ് രാജി സമർപ്പിക്കുകയായിരുന്നു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം ഒരു മാസത്തിലധികം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ അതിനാടകീയമായാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസനേ-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാരിനെ പ്രഖ്യാപിക്കാനിരിക്കെയായിരുന്നു ബി.ജെ.പിയുടെ നിർണായക നീക്കം. സംസ്ഥാനത്ത് നിലനിന്നിരുന്ന രാഷ്ട്രപതി ഭരണം നവംബർ 23ന് പുലർച്ചെ അഞ്ചരയ്ക്ക് പിൻവലിച്ചുകൊണ്ടായിരുന്നു നടപടി.