വാഷിംഗ്ടൺ: വൈറ്റ് ഹൗസ് വർഷങ്ങളായി തുടരുന്ന പതിവുകൾ തിരുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കെട്ടിടത്തിന്റെ പ്രവേശന ഹാളിലെ ചുമരിൽ അലങ്കരിച്ചിരുന്ന രണ്ട് മുൻ പ്രസിഡന്റുമാരുടെ ചിത്രം ഉപയോഗ്യശൂന്യമായ മുറിയിലേക്ക് മാറ്റിയാണ് ട്രംപിന്റെ 'പുതിയ പരിഷ്കാരം". മുൻപ്രസിഡന്റുമാരായ ബിൽ ക്ളിന്റൻ, ജോർജ് ഡബ്ള്യു ബുഷ് എന്നിവരുടെ ചിത്രങ്ങളാണ് വൈറ്റ് ഹൗസിലെ പ്രവേശനഹാളിൽ നിന്ന് പുറത്താക്കിയത്.
പകരം ട്രംപിന് കാണാനായി മറ്റു രണ്ട് ചിത്രങ്ങളാണ് അവിടെ വരിക. 1901ൽ കൊലചെയ്യപ്പെട്ട വില്യം മാക് കിൻലിയുടെയും അദ്ദേഹത്തിന്റെ പിൻഗാമി തിയൊഡോർ റൂസ്‌വെൽറ്റിന്റെയും ചിത്രങ്ങളാകും പകരമെത്തുക. അത് അധികം ഉപയോഗിക്കാത്ത ചെറിയ മുറിയാണെന്നും അതിഥികൾ ഈ മുറിയും ചിത്രങ്ങളും കാണുന്നില്ലെന്നും അവിടെ മേശവിരിയും മറ്റും സൂക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ചിത്രങ്ങൾ മാറ്റിയതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിശദീകരണം. എന്നാൽ ട്രംപിന്റെ പ്രശസ്തമായ ക്ളിന്റൻ വിരോധമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിമർശകർ വിലയിരുത്തുന്നത്.
ക്ളിന്റനല്ല എതിരാളി ഹിലരി
മുൻപ്രസിഡന്റുമാരുടെ ചിത്രങ്ങൾ പ്രവേശനഹാളിൽ പ്രദർശിപ്പിക്കുന്നത് വൈറ്റ്ഹൗസിന്റെ കീഴ്വഴക്കമാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലരി ക്ളിന്റൻ എതിരാളിയായിരുന്നതും ട്രംപ് ഭരണത്തിന്റെ കടുത്ത വിമർശകയായി നിലകൊള്ളുന്നതുമാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിൽ ക്ളിന്റന്റെ ചിത്രം മാറ്റിയത്.
ഒബാമയ്ക്കും പ്രവേശനമില്ല
ട്രംപിന് മുമ്പ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ചിത്രത്തിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ഇതുവരെ വൈറ്റ് ഹൗസിന്റെ ചുമരിൽ ഒബാമയുടെ ചിത്രം പതിപ്പിക്കാൻ ട്രംപ് അനുമതി നൽകിയിട്ടില്ല.