twitter

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ പ്രശസ്‌തരായവരുടെ ട്വി‌റ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ ട്വി‌റ്ററിന് നോട്ടീസ് നൽകി കേന്ദ്ര സൈബർ സുരക്ഷാ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്ട്സ് ടീം (സിഇആർടി). ട്വി‌റ്റർ ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ കടന്നുകയറിയ ഹാക്കർമാർ ലോക നേതാക്കളും ബിസിനസുകാരുമായ ആളുകളുടെ അക്കൗണ്ട് ഹാക്‌ ചെയ്യുകയും ഡിജി‌റ്റൽ കറൻസിയായ ബി‌റ്റ്കൊയിൻ കൈമാ‌റ്റം നടത്തുകയും ചെ‌യ്‌തു.

സംഭവത്തിന്റെ പൂർണ വിവരവും ഇതുമായി ബന്ധപ്പെട്ട് ഹാക് ചെയ്യപ്പെട്ട ട്വി‌റ്ററിലെ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരവുമാണ് സിഇആർടി അന്വേഷിക്കുക. ഹാക്ക് ചെയ്യപ്പെട്ടതിന്റെ പരിണിത ഫലങ്ങളും എങ്ങനെയാണ് ഹാക്കർമാർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തതെന്നും സിഇആർടി ചോദിച്ചറിയും. പ്രശ്‌നങ്ങൾക്ക് ട്വിറ്റർ സ്വീകരിച്ച പരിഹാര നടപടികളും അറിയിക്കണം.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹാക്കിംഗ് വൻ പ്രചരണ വിഷയമായിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ,ഡെമോക്ര‌റ്രിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ അമേരിക്കൻ വൈസ് പ്രസിഡന്റുമായ ജോ ബേഡൻ, ആമസോൺ സിഇഒ ജെഫ് ബെസോസ്, മൈക്രോസോഫ്‌റ്റ് സഹ സ്ഥാപകൻ ബിൽ ഗേ‌റ്റ്സ്, ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് എന്നിവരുടെ ട്വി‌റ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.