ന്യൂഡൽഹി: ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലാണ്. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചര മാസങ്ങള്‍ക്ക് ശേഷം ജൂലായ് 16 ന് രാജ്യത്ത് ആകെ കൊവിഡ് രോഗികള്‍ പത്ത് ലക്ഷം കടന്നു. മാത്രമല്ല, ലോകത്തില്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയ്ക്കും ബ്രസീലിനും പിന്നാലെ മൂന്നാമത് ഇന്ത്യയും എത്തി.
രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച് 58 ദിവസങ്ങള്‍ക്ക് ശേഷമാണ് 1,000 കൊവിഡ് കേസുകളിലേയ്ക്ക് ഇന്ത്യ എത്തിയത്. 10,000 കേസുകള്‍ പൂര്‍ത്തിയാക്കിയത് അടുത്ത 16 ദിവസങ്ങള്‍ക്കുള്ളിലാണ്. അടുത്ത 35 ദിവസങ്ങള്‍ കൊണ്ട് 1,00,000 കൊവിഡ് കേസുകൾ തികഞ്ഞു.കൊവിഡ് കേസുകള്‍ ഉയരാന്‍ രാജ്യത്ത് അധികം സമയം വേണ്ടിവന്നില്ല.മാര്‍ച്ച് 25 ന് രാജ്യമെമ്പാടും അടച്ചിടല്‍ നടപ്പാക്കുമ്പോള്‍ ആകെ 571 കൊവിഡ് കേസുകളും വെറും 10 മരണങ്ങളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 68 ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ക്കു ശേഷം, മെയ് 31 ന് 1,90,648 കൊവിഡ് കേസുകളും 5,408 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചെന്നതാണ് അടച്ചിടല്‍ കൊണ്ടുണ്ടായ പ്രധാന ഗുണം.ഈ സമയത്തിനിടെ ആരോഗ്യ- മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചു.
ലോക്ക് ഡൗണിന്റെ സ്വാധീനം
അടച്ചിടലില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയർന്നു.അപ്പോഴും മരണനിരക്ക് കുറവായിരുന്നു. അടച്ചിടലിന്റെ 68 ദിവസങ്ങള്‍ക്കിടയില്‍ 1,90,077 കൊവിഡ് കേസുകളും 5,398 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ജൂണ്‍ 1 മുതല്‍ നിയന്ത്രണങ്ങള്‍ നീക്കിയതിനു ശേഷം വെറും 46 ദിവസങ്ങള്‍ക്കുള്ളില്‍ 4.29 ഇരട്ടി കൊവിഡ് കേസുകളും 3.74 ഇരട്ടി മരണനിരക്കും റിപ്പോര്‍ട്ട് ചെയ്തു. ജൂലായ് മാസം ആദ്യ 16 ദിവസങ്ങളില്‍ 4,19,845 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് 8 നു ശേഷം തുടര്‍ച്ചയായ 9 ദിവസങ്ങളില്‍ 25,000 ത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിദിന പരിശോധന
മെയ് 18 മുതലാണ് ഇന്ത്യയില്‍ പ്രതിദിനം ഒരു ലക്ഷം പരിശോധനകളായി ഉയര്‍ത്തിയത്. ജൂണ്‍ 23 മുതല്‍ ജൂലായ് 13 വരെ രണ്ട് ലക്ഷത്തിലധികം പരിശോധനകള്‍ ദിവസേന നടത്തി. നിലവില്‍ 3 ലക്ഷം പരിശോധനകള്‍ നടത്തുന്നുണ്ട്.ഏപ്രില്‍ 30- 3.86%, മെയ് 31- 4.97%, ജൂണ്‍ 30- 6.64%, ജൂലായ് 16- 7.89% എന്നിങ്ങനെയാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്.കൊവിഡ് മോശമായി ബാധിച്ച 25 രാജ്യങ്ങളില്‍ പത്താമത് ഇന്ത്യയെത്തി.
കൂടുതൽ മരണങ്ങൾ ഈ 10 നഗരങ്ങളില്‍ നിന്ന്
രാജ്യത്ത് കൊവിഡ് തീവ്രമായി ബാധിച്ച 10 സ്ഥലങ്ങളില്‍ 9 എണ്ണം നഗരങ്ങളും ഒരെണ്ണം മാത്രം ഗ്രാമവുമാണ്. ഡല്‍ഹി, മുബെയ്, ചെന്നൈ, താനെ, പൂനെ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് 9 നഗരങ്ങള്‍.പല്‍ഘര്‍ ആണ് കൊവിഡ് രൂക്ഷമായി ബാധിച്ച മറ്റൊരു പ്രദേശം. ഈ നഗരങ്ങളെല്ലാം 51.67 % കൊവിഡ് കേസുകളും 65 % മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ നിരവധി ഗ്രാമീണ മേഖലകളില്‍ രോഗികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്.
കുറഞ്ഞ മരണനിരക്ക്
ഒരു ദശലക്ഷം ജനസംഖ്യയില്‍ 19 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ മരണനിരക്ക് 2.55 ശതമാനമാണ്. രാജ്യത്തിന്റെ വലിപ്പം, ജനസംഖ്യ, സാമ്പത്തിക പരിമിതികള്‍, മറ്റു വെല്ലുവിളികള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ പകുതിയില്‍ താഴെയാണ് ഇന്ത്യയിലെ കൊവിഡ് മരണം. ഇറ്റലി- 14.37 %, യുകെ- 15.42 %, ഫ്രാന്‍സ്- 17.34 % എന്നീ രാജ്യങ്ങളിലാണ് ഏറ്റവും അധികം മരണം ഉണ്ടായത്. മെയ് 6 നാണ് ഇന്ത്യയില്‍ മരണനിരക്ക് 3.43 % ആയി ഉയര്‍ന്നത്. ജൂണ്‍ 8 മുതല്‍ മരണനിരക്ക് (2.78%) കുറഞ്ഞിട്ടുണ്ട്.