azmath

ബംഗളുരു : രണ്ട് കൊല്ലം മുമ്പ് നടന്ന അന്താരാഷ്ട്ര പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 295 കിലോ എടുത്തുയർത്തി റെക്കാഡ് കുറിക്കുമ്പോൾ ബംഗളുരു സ്വദേശിയായ മുഹമ്മദ് അസ്മത്തിന് ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. എന്നാലിന്ന് അതിന്റെ നാലിലൊന്ന് ഭാരമില്ലാത്ത 'വസ്തു ' മറ്റുമൂന്നുപേർക്കൊപ്പം ഉയർത്തുമ്പോൾ അയാളുടെ മനസ് പിടയുകയാണ്. കാരണം അയാൾ ഉയർത്തുന്നത് കൊവിഡ് ബാധിച്ച് മരണത്തിലേക്ക് നടന്നുപോയവരുടെ ശരീരങ്ങളാണ്...

ബംഗളുരുവിൽ മരണതാണ്ഡവമാടുന്ന കൊവിഡിന്റെ പിടിയിൽപ്പെട്ട് മരണപ്പെട്ടവരെ സംസ്കരിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുന്ന സന്നദ്ധ സംഘടനയായ മെഴ്സി ഏയ്ഞ്ചൽസിന്റെ സജീവപ്രവർത്തകനാണ് 43 കാരനായ ഇൗ ഐ.ടി ജീവനക്കാരൻ. ഏത് മതത്തിൽപ്പെട്ടവരായാലും മോർച്ചറിയിൽ നിന്ന് ശ്മശാനത്തിലേക്ക് സൗജന്യമായി ശവശരീരങ്ങൾ എത്തിക്കുകയും അന്ത്യകർമ്മങ്ങൾ നടത്തുകയും ചെയ്യുന്നവരാണ് മേഴ്സി ഏയ്ഞ്ചൽസ്.

ജീവിച്ചിരുന്നപ്പോൾ അതിപ്രതാപികളായിരുന്നവരെപ്പോലും കൊവിഡ് മരണത്തിൽ ഒറ്റപ്പെടുത്തുന്നത് വളരെ സങ്കടപ്പെടുത്തുന്ന കാര്യമാണെന്ന് അസ്മത്ത് പറയുന്നു. കഴിഞ്ഞയാഴ്ച പ്രായം ചെന്ന ഒരു മനുഷ്യന്റെ ദേഹം അടക്കം ചെയ്യാൻ തങ്ങൾ മൂന്ന് പേർ മാത്രമാണുണ്ടായിരുന്നതെന്ന് അസ്മത്ത് പറയുന്നു. ക്രിസ്റ്റ്യൻ സെമിത്തേരിയിൽ ജീവിതത്തിൽ ഇതേവരെ കണ്ടിട്ടില്ലാത്ത അദ്ദേഹത്തിനായി അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോൾ ജീവിതത്തിന്റെ ക്ഷണികതയോർത്ത് കരഞ്ഞുപോയെന്നും അസ്മത്ത് പറയുന്നു.

കൊവിഡിന് മുമ്പ് പവർലിഫ്റ്റിംഗിലെന്ന പോലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അസ്മത്ത് സജീവമായിരുന്നു. കഴിഞ്ഞ ഡിസംബറിൽ റഷ്യയിൽ നടന്ന വേൾഡ് പവർലിഫ്റ്റിംഗ് കോൺഗ്രസിൽ പങ്കെടുത്ത് സ്വർണമെഡൽ നേടിയിരുന്നു. കൊവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കാനും മറ്റുമായി മുന്നിട്ടിറങ്ങി. മരണ നിരക്ക് കൂടിയതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻആൾക്ഷാമമുണ്ടായി. ഇതോടെ അസ്മത്തും സുഹൃത്തുക്കളും അതിനും രംഗത്തെത്തി. ഒരാഴ്ചയ്ക്കം 15 പേർക്ക് അന്ത്യശുശ്രൂഷകൾ നൽകിക്കഴിഞ്ഞു.

കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കാൻ കൊണ്ടുപോകാൻ പേടി കാരണം ഉറ്റബന്ധുക്കൾ പോലും തയ്യാറാകുന്നില്ല. ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത കുറച്ചുപേർക്ക് സംസ്കാരക്രിയകൾ ചെയ്യാൻ കഴിഞ്ഞു. പേടിയല്ല, സങ്കടമാണ് മനസുനിറയെ...ഇത്രയേ ഉള്ളൂ,ജീവിതം എന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട്.

- മുഹമ്മദ് അസ്മത്ത്