covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 593 പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയവർ 116, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 90 പേരാണ്. ആരോഗ്യ പ്രവർത്തകരിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ഡിഎസ്‌സി ജീവനക്കാരനും ഒരു ഫയർഫോഴ്‌സ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 204 പേർ രോഗമുക്തി നേടി. തിരുവനന്തപുരം സ്വദേശികളായ അരുൾ ദാസ് (70), ബാബുരാജ്(60) എന്നിവർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 11,569 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 ശതമാനം രോഗികൾക്കും രോഗലക്ഷണമില്ല.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള‌ള കണക്ക് ഇങ്ങനെ തിരുവനന്തപുരം-173, കൊല്ലം-53, പാലക്കാട് 49, എറണാകുളം-44,ആലപ്പുഴ 42, കണ്ണൂർ 39, കാസർഗോഡ് 29, ഇടുക്കി,പത്തനംതിട്ട-28, വയനാട്-കോഴിക്കോട് 26, തൃശൂർ 21,മലപ്പുറം 19, കോട്ടയം 16.

തിരുവനന്തപുരം ജില്ലയിൽ സമ്പർക്ക വ്യാപനം രൂക്ഷമാണ്. 152 പേർക്കാണ് ഇവിടെ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. സമ്പർക്ക വ്യാപനം 60 ശതമാനം കൂടി. സമൂഹ വ്യാപന മേഖലയിൽ അതീവ ജാഗ്രതയുണ്ടാകും. തലസ്ഥാനത്ത് തീരദേശത്ത് മൂന്ന് സോണായി തിരിച്ച് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കും. ഇന്ന് രാത്രിമുതൽ 28 വരെയാകും ലോക്ഡൗൺ. ഒരിളവും ഉണ്ടാകില്ല. ഇവിടെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല. അത്യാവശ്യ ഘട്ടങ്ങളിൽ വർക് ഫ്രം ഹോം പരിഗണിക്കും. ഓരോ കുടുംബത്തിനും അ‌ഞ്ച് കിലോ അരിയും ഒരു കിലോ ധാന്യവും നൽകും. ആവശ്യഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും ഇത് നൽകും.തീരദേശങ്ങളിൽ 1000 കിടക്കകളുള‌ള ആശുപത്രികൾ സ്ഥാപിക്കും. തീവ്ര വ്യാപന സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തരുത്. ഇവിടെ നടത്തുന്ന പരീക്ഷകൾ മാറ്റും. ബ്രേക് ദി ചെയിൻ രീതി പ്രധാനമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിനായി നിലവിലുള‌ള ജീവിതശൈലി മാറ്റേണ്ടതുണ്ട്. പുറത്ത് പോകുന്നവർ വീട്ടിലും മാസ്‌ക് ധരിക്കണം. ഓരോ പോലീസ് സ്‌റ്റേഷനുകളിലും ഓരോ ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങും.

1,73,932 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള‌ളത്.ആശുപത്രികളിൽ നിരീക്ഷണത്തിലുള‌ളത് 6841 പേർക്കാണ്. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 1053 പേരെയാണ്. 18,967 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 2,85,158 സാമ്പിളുകൾ ഇതുവരെ അയച്ചു.സംസ്ഥാനത്തെ ആദ്യ പ്ളാസ്മ ബാങ്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ തുടങ്ങും. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയുണ്ടാകും. കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കും. രോഗികളുടെ ക്ള‌സ്‌റ്ററുകൾ മിക്ക ജില്ലകളിലുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.