ഉക്രയിൻ: വാർത്തകൾക്കിടയിൽ പലപ്പോഴും അവതാരകർക്ക് അബദ്ധങ്ങൾ പറ്റാറുണ്ട്. ഇതിന്റെ വീഡിയോകൾ വൈറലാകാറുമുണ്ട്. എന്നാൽ അബദ്ധങ്ങൾ പറ്റിയാലും അതൊന്നും കാര്യമാക്കാതെ തുടർന്ന് വായിക്കുന്നവരെയും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു വാർത്താ അവതാരകയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഉക്രെയിനിലെ ഒരു ചാനലിലെ വാർത്താ അവതാരക മരിച്കാ പഡാൽകോയാണ് താരം. വാർത്ത വായിക്കുന്നതിനിടെ മരിച്കയുടെ മുൻവശത്തെ രണ്ടുപല്ലുകളിലൊന്ന് താഴെ വീഴുകയായിരുന്നു. അതു കയ്യിലെടുത്ത ശേഷംഒന്നും സംഭവിക്കാത്തതുപോലെ മരിച്കാ വായന തുടരുകയായിരുന്നു.
സംഭവം വാർത്തയായതോടെ, പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ മുഖത്ത് തട്ടിയപ്പോഴാണ് പല്ലു പോയതെന്ന് മരിച്ക വിശദമാക്കി. വീഡിയോ വൈറലായതോടെ നിരവധിപ്പേർ മരിച്കായുടെ നിശ്ചയദാർഢ്യത്തെ പ്രകീർത്തിച്ചു.