ben-stokes

രണ്ടാം ടെസ്റ്റിലെ മിന്നുന്ന സെഞ്ച്വറിയോടെ വിമർശകരുടെ വായടപ്പിച്ച് ഇംഗ്ളീഷ് ആൾറൗണ്ടർ ബെൻ സ്റ്റോക്സ്

കൊവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യഅന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ളണ്ടിനെ നയിക്കാൻ ഭാഗ്യം ലഭിച്ചത് ബെൻ സ്റ്റോക്സിനാണ്. കഴിഞ്ഞ ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും അവിസ്മരണീയ പ്രകടനത്തിലൂടെ വാഴ്ത്തലുകൾ വാരിക്കൂട്ടിയ സ്റ്റോക്സിന് ആദ്യ ടെസ്റ്റ് നൽകിയത് പക്ഷേ അത്ര നല്ല അനുഭവമല്ല. നാലുവിക്കറ്റിന് ഇംഗ്ളണ്ട് തോറ്റതിന് പിന്നാലെ മത്സരത്തിൽ നായകനെന്ന നിലയിൽ സ്റ്റോക്സ് എടുത്ത തീരുമാനങ്ങളും വിമർശിക്കപ്പെട്ടു. ടോസ് കിട്ടിയിട്ടും ആദ്യ ബാറ്റിംഗിന് ഇറങ്ങിയതും സ്റ്റുവർട്ട് ബ്രോഡിനെ ടീമിലെടുക്കാതിരുന്നതും ഒക്കെ വിവാദമാവുകയും ചെയ്തു.

രണ്ടാം ടെസ്റ്റിൽ ജോ റൂട്ട് തിരികെയെത്തി ക്യാപ്ടൻസി ഏറ്റെടുത്തതോടെ സ്റ്റോക്സിന് മനസമാധാനം തിരിച്ചുകിട്ടിയെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു മാഞ്ചസ്റ്റർ ടെസ്റ്റിലെ അദ്ദേഹത്തിന്റെ പ്രകടനം.356 പന്തുകൾ നേരിട്ട് 17 ബൗണ്ടറികളും രണ്ട് സിക്സുകളുമടക്കമായിരുന്നു സ്റ്റോക്സിന്റെ 176 റൺസ്. ആദ്യ ദിവസം ബേൺസും(15),ക്രാവ്‌ലിയും(0) റൂട്ടും (23)പുറത്തായി 81/3 എന്ന സ്ഥിതിയിലെത്തിയപ്പോഴാണ് സ്റ്റോക്സ് കളത്തിലേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് സ്റ്റോക്സും സിബിലിയും ചേർന്ന് ഒാൾഡ് ട്രഫോൾഡ് ഗ്രൗണ്ട് ഭരിക്കുകയായിരുന്നു.

ആദ്യ ദിനം ചായയ്ക്ക് മുമ്പ് ക്രീസിലൊരുമിച്ച ഇരുവരും അവസാന സെഷൻ വരെ സൂക്ഷ്മതയോടെ പിടിച്ചുനിന്നു. രണ്ടാം ദിനം ചായയ്ക്ക് തൊട്ടുമുമ്പുവരെയും ഇരുവരെയും പുറത്താക്കാൻ വിൻഡീസ് ബൗളർമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ സിബിലി പുറത്തായശേഷവും സ്റ്റോക്സ് വെടിക്കെട്ടുതുടർന്നു. അതുകൊണ്ടാണ് 469/9 എന്ന സ്കോറിലെത്തി ഡിക്ളയർ ചെയ്യാൻ ഇംഗ്ളണ്ടിന് കഴിഞ്ഞത്.

ടീമിന് ഏറ്റവും അനിവാര്യമായ സമയത്തായിരുന്നു സ്റ്റോക്സിന്റെ ഇന്നിംഗ്സ് എന്നതുതന്നെ താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.ആദ്യ ടെസ്റ്റിലും തന്റെ ബാറ്റിംഗിൽ സ്റ്റോക്സിന് താരതമ്യേന മികവ് പുലർത്താനായിരുന്നു.പരമ്പരയിൽ തിരിച്ചുവരാൻ തന്റെ പ്രകടനത്തിലൂടെ ടീമിനെ സഹായിക്കാനായാൽ ആദ്യടെസ്റ്റിലെ തോൽവിയുടെ പാപഭാരത്തിൽ നിന്ന് മോചിതനാകാൻ സ്റ്റോക്സിന് കഴിയും.

487

മിനിട്ടുകളാണ് (എട്ടുമണിക്കൂറിലേറെ)സ്റ്റോക്സ് ക്രീസിലുണ്ടായിരുന്നത്.

5

ടെസ്റ്റിൽ പത്തോ അതിലേറെയോ സെഞ്ച്വറികളും 150 ഒാ അതിൽ കൂടുതലോ വിക്കറ്റുകളും സ്വന്തമാക്കുന്ന അഞ്ചാമത്തെ ആൾറൗണ്ടറാണ് സ്റ്റോക്സ്.ഗാരി സോബേഴ്സ്, ഇയാൻ ബോതം,രവി ശാസ്ത്രി,ജാക് കാലിസ് എന്നിവരാണ് ഇതിനുമുമ്പ് ഇൗ നേട്ടത്തിൽ എത്തിയിരുന്നവർ.
150

ഇത് രണ്ടാം തവണയാണ് സ്റ്റോക്സ് ടെസ്റ്റിൽ 150ലേറെ റൺസ് നേടുന്നത്.

1

ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 4000 റൺസും 150 വിക്കറ്റും തികയ്ക്കുന്ന ഇംഗ്ളീഷ് ആൾറൗണ്ടറും സ്റ്റോക്സാണ്.