തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് സാഹചര്യം അതീവ രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് ജില്ലയിൽ 173 പേർക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് സമൂഹവ്യാപനമുണ്ടെന്ന് കണ്ടെത്തിയ പൂന്തുറയിലും പുല്ലുവിളയിലും അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സമ്പർക്കം വഴിയുള്ള രോഗബാധ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിർണായക സാഹചര്യത്തിൽ സർക്കാരും ജനങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും തിരുവനന്തപുരത്ത് അനാവശ്യമായി വീടിനു പുറത്തിറങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ പത്ത് ദിവസക്കാലം നീണ്ട സമ്പൂർണ ലോക്ക്ഡൗണും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരിക. തീരദേശ മേഖലയെ മൂന്നായി തിരിച്ചുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവരിക. രോഗലക്ഷണം ഇല്ലാത്തവർക്ക് വീട്ടിൽ തന്നെ ചികിത്സ നൽകുന്ന കാര്യം പരിഗണിക്കുമെന്നും രോഗവ്യാപനം കൂടിയാലാണ് ഈ നിർദേശത്തെ കുറിച്ച് സർക്കാർ ആലോചിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.