ബൊഗോറ്റ : കൊളംബിയയിൽ കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങൾ ( ഡ്രഗ് കാർട്ടലുകൾ ) നിഷ്ക്കരുണമായി കൊലപ്പെടുത്തുന്നതായി റിപ്പോർട്ട്. കൊളംബിയയിൽ രോഗവ്യാപനം നിയന്ത്രണാതീതമായി ഉയരുന്ന പ്രദേശങ്ങളിലാണ് തങ്ങളുടേതായ ക്വാറന്റൈൻ നിയമങ്ങളുമായി ആയുധധാരികളായ മാഫിയ സംഘങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്.
ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ ക്രിമിനൽ സംഘങ്ങളുടെ കർശനമായ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേർ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെയാണ് മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ക്രൂരതകൾ അരങ്ങേറുന്നത്. നിലവിൽ കൊളംബിയയിൽ 182,140 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 6,288 പേർ മരിച്ചു.
പുടുമായോ മേഖലയിൽ ജനങ്ങളോട് ഒരു വൈറസ് ചെക്ക്പോയിന്റിൽ ജോലി ചെയ്യാൻ ' ലാ മാഫിയ ' എന്ന മാഫിയ ക്രിമിനൽ സംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തിയതിന് ഇവിടുത്തെ ജനസമൂഹത്തിന്റെ തലവനായ എഡിസൺ ലിയോണിനെ മാഫിയ സംഘം വധിച്ചിരുന്നു. തെക്കൻ കൊളംബിയയിലെ ഒരു പാർക്കിൽ വച്ച് 3 പേരെ ക്രിമിനൽ സംഘം വെടിവച്ച് കൊല്ലുകയും നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു ടെലിഫോൺ റിപ്പയർ ഷോപ്പിലിരുന്ന് മദ്യപിച്ചെന്ന പേരിൽ രണ്ട് വെനസ്വേല പൗരൻമാരെയും സംഘം വെടിവച്ച് കൊന്നിരുന്നു.
തങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിനാണ് ആളുകളെ കൊളംബിയൻ ' ഡ്രഗ് കാർട്ടലുകൾ ' തത്ക്ഷണം കൊലപ്പെടുത്തുന്നത്. കൊളംബിയയിലെ 32 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിലെങ്കിലും ഡ്രഗ് കാർട്ടലുകൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏറ്റെടുത്തതായാണ് റിപ്പോർട്ട്. ഇതിൽ അഞ്ചോളം സംസ്ഥാനങ്ങളിൽ തോക്കുധാരികളായ മാഫിയ സംഘങ്ങൾ ജനങ്ങൾക്ക് മേൽ ആക്രമണങ്ങൾ നടത്തിയാണ് തങ്ങളുടെ നിയമങ്ങൾ നടപ്പാക്കുന്നത്.
കൊളംബിയയുടെ പല പ്രദേശങ്ങളിലും ജനങ്ങളെ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. ടുമാകോ എന്ന തീരദേശ നഗരത്തിലെ ജനങ്ങൾ മത്സ്യബന്ധനം നടത്തുന്നത് ഡ്രഗ് കാർട്ടലുകൾ നിരോധിച്ചിരിക്കുകയാണ്. കൊളംബിയൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കാൾ അതികഠിനമായ നിയന്ത്രണങ്ങളാണ് മാഫിയ സംഘങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
വൈകിട്ട് അഞ്ച് മണി മുതൽ പല പ്രദേശങ്ങളിലും ഡ്രഗ് കാർട്ടലുകൾ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. കോക, ഗ്വവിയാരെ പ്രവിശ്യകളിൽ കർഫ്യൂ ലംഘിച്ച ചിലരുടെ വാഹനങ്ങൾ സംഘം കത്തിച്ചിരുന്നു. ഡ്രഗ് കാർട്ടലുകൾ വൈറസ് വ്യാപനം തടയുന്നതിന് തങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലഘുലേഖകളുടെ രൂപത്തിലും വാട്സാപ്പ് മെസേജുകളിലൂടെയും പ്രചരിപ്പിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു.
കർഫ്യൂ, ലോക്ക്ഡൗൺ, ജനങ്ങൾ പുറത്തിറങ്ങുന്നതിനുള്ള നിരോധനം, വാഹനങ്ങൾക്ക് നിരോധനം, കടകൾ തുറക്കുന്നതിനുള്ള സമയം തുടങ്ങിയ എല്ലാ കാര്യങ്ങളും ഇക്കൂട്ടർ പറയുന്ന പോലെ അനുസരിക്കണമത്രെ. കൊളംബിയയുടെ വിദൂരമേഖലകളിലും ദരിദ്രർ തിങ്ങിപ്പാർക്കുന്ന മേഖലകളിലും ജനങ്ങൾ പുറത്തിറങ്ങിയാൽ ഡ്രാഗ് കാർട്ടലുകളുടെ ആക്രമണത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന അവസ്ഥയിലാണിപ്പോൾ.
പലർക്കും ആവശ്യത്തിന് ആഹാരമോ വെള്ളമോ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇതിനെതിരെ കൊളംബിയൻ ഭരണകൂടം നടപടി സ്വീകരിക്കണമെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് അടക്കമുള്ള സംഘടനകളുടെ ആവശ്യം. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലാറ്റിനമേരിക്കയിൽ ബ്രസീൽ, പെറു, ചിലി എന്നീ രാജ്യങ്ങൾക്ക് തൊട്ടുപിന്നിലാണ് കൊളംബിയ. കൊവിഡിനൊപ്പം തന്നെ മയക്കുമരുന്നിനും കള്ളക്കടത്തിനും കൊലപാതകത്തിനും കൊളംബിയയിൽ യാതൊരു ശമനവുമില്ല.