ബെംഗളൂരു: സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാദ്ധ്യതയെന്ന് പബ്ലിക്ക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ അദ്ധ്യക്ഷൻ കെ.ശ്രീനാഥ് റെഡി . നിലവിൽ കൊവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യ മേഖലയ്ക്കുണ്ടെന്നും വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയിൽ പത്ത് ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 25000 പേർ മരണപ്പെടുകയും ചെയ്തു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായിരിക്കും വൈറസ് വ്യാപനം രൂക്ഷമാവുകയെന്നും ശക്തമായ കൊവിഡ് പ്രതിരോധ മുൻകരുതൽ നടപടി സ്വീകരിച്ചില്ലെങ്കിൽ രണ്ട് മാസത്തിനുളളിൽ തന്നെ വെെറസ് വ്യാപനം രൂക്ഷമാകുമെന്നും വിദഗ്ദ്ധർ പറയുന്നു. വെെറസ് വ്യാപനം തടയുന്നതിനായി ജനങ്ങൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി വിഭാഗത്തിന്റെ തലവനായിരുന്നു റെഡ്ഡി, ഇന്ത്യയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ വളരെ ശക്തമായിരുന്നുവെന്നും ഇതിനാൽ തന്നെ രാജ്യത്ത് രോഗവ്യാപനം ഏറെക്കുറെ നിയന്ത്രിക്കാൻ സാഹായകരമായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചതോടെ വൈറസ് വ്യാപനം വർദ്ധിക്കുകയായിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതോടെ പരീക്ഷ കഴിഞ്ഞ കുട്ടികളെ പോലെ ജനങ്ങൾ അത് ആഘോഷമാക്കി. എന്നാൽ പരീക്ഷാ ഫലം കുറച്ച് മാസങ്ങൾക്ക് ശേഷമെ അറിയാൻ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ രോഗികൾക്കായി കൂടുതൽ കിടക്കകൾ ഒരുക്കുന്നതിനായി വളരെയധികം സമയം ചെലവഴിച്ചു. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിൽ വൈറസ് ആഴത്തിൽ പടരുന്നത് തടയുകയെന്നതാണ് ഇപ്പോൾ പ്രധാന ലക്ഷ്യം. ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും കഴിയുന്നത്രയും സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇവിടെയാണുളളതെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.