കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് അറിയാമായിരുന്നെന്ന് സരിത്ത് എൻ.ഐ.എയോട് വെളിപ്പെടുത്തി. ശിവശങ്കറുമായുള്ള ബന്ധം, സ്വർണക്കടത്തിലെ സഹായം എന്നിവയാണ് എൻ.ഐ.എ ഇന്നലെ ചോദിച്ചറിഞ്ഞത്. ശിവശങ്കറുമായി വർഷങ്ങളുടെ അടുപ്പമുണ്ട്. എന്റെ എല്ലാം കാര്യങ്ങളിലും ഇടപെട്ടിരുന്നു. എല്ലാ കാര്യങ്ങളും അറിയാം എന്നായിരുന്നു മൊഴി.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിർണായക വിവരങ്ങൾ എൻ.ഐ.എയ്ക്കും ലഭിച്ചതോടെ ഏത് ഏജൻസിയാണ് അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യുകയെന്ന ആകാംക്ഷയാണ് ഇനിയുള്ളത്. ചോദ്യം ചെയ്യലിനു ശേഷം അറസ്‌റ്റിലേക്കാണ് കാര്യങ്ങൾ നീളുന്നത്.
സരിത്തും ശിവശങ്കറും തമ്മിൽ ഫോണിൽ നിരവധിതവണ ബന്ധപ്പെട്ടതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. സ്വപ്ന, സന്ദീപ്‌നായർ എന്നിവരുമായുള്ള ഫോൺവിളികൾ, പ്രതികൾക്കായി തിരുവനന്തപുരം ഹെദർ അപ്പാർട്ടുമെന്റിൽ ഫ്ളാറ്റ് ബുക്ക് ചെയ്യാനുള്ള ഇടപെടൽ, സ്വപ്‌നയെ സ്‌പേസ് പാർക്കിൽ മാനേജരായി നിയമിക്കാനുള്ള ശുപാർശ തുടങ്ങി ആരോപണങ്ങളാണ് നിലനിൽക്കുന്നത്.
ഫ്ളാറ്റിൽ ശിവശങ്കറുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നതായി പ്രതികൾ രണ്ട് ഏജൻസികളോടും സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പദ്ധതികളും ഫ്ളാറ്റിൽ വച്ചാണ് ആസൂത്രണം ചെയ്‌തത്.
സ്വപ്‌നയുടെ ഒൗദ്യോഗിക
വാഹനത്തിലും സ്വർണം കടത്തി
യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോൾ സ്വപ്‌നയുടെ ഒൗദ്യോഗിക വാഹനത്തിലും സ്വർണം കടത്തിയതായി സരിത്ത് കസ്‌റ്റംസിനോട് വെളിപ്പെടുത്തി. താനും സ്വപ്‌നയും ചേർന്നാണ് അറ്റാഷെയുടെ പേരിൽ കത്ത് തയ്യാറാക്കിയത്. ഇക്കാര്യം കസ്‌റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണം അയയ്‌ക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് താനാണ്. ഫൈസൽ തനിക്കൊപ്പം ദുബായിലെ ഖരാമയിൽ ജോലി ചെയ്‌തിരുന്നു. സ്വർണം കടത്തിയത് ജുവലറികൾക്കായാണെന്നും പറഞ്ഞതോടെയാണ് കസ്‌റ്റംസ് അവിടങ്ങളിൽ പരിശോധന തുടങ്ങിയത്.