തിരുവനന്തപുരം: ആയിരത്തോളം പേർ താമസിക്കുന്ന തിരുവനന്തപുരത്തെ ചെങ്കൽച്ചൂള മികച്ച കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്. വീടുകൾക്കുള്ളിൽ പോലും മാസ്കുകൾ ധരിക്കുക, പുറത്തുനിന്നും വരുന്നവരെ കൈകൾ ശുചിയാക്കിയ ശേഷം മാത്രം പ്രവേശിക്കാൻ അനുവദിക്കുക. ഭക്ഷ്യവസ്തുക്കൾ എത്തിക്കാനായി പ്രത്യേക സംഘം രൂപീകരിക്കുക, എന്നീ മാർഗങ്ങളിലൂടെയാണ് ചെങ്കൽച്ചൂള നിവാസികൾ കൊവിഡ് രോഗത്തെ തുരത്തുന്നത്.
ജനസാന്ദ്രത വളരെ കൂടുതലുള്ള ഇവിടെ കുട്ടികൾ പോലും ഫേസ് മാസ്കുകൾ ധരിക്കാതെ വീടിനു പുറത്തിറങ്ങാറില്ല. പോരാഞ്ഞ്, പുറത്തുനിന്നും വരുന്നവർക്ക് അകത്തേക്ക് പ്രവേശനം ഇല്ല എന്ന ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അകത്തേക്ക് കയറണമെന്ന് നിർബന്ധമാണെങ്കിൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കിയേ മതിയാകൂ.
അതിനുള്ള സൗകര്യവും ഇവർ ഒരുക്കിയിട്ടുണ്ട്. മാസ്ക് നിർബന്ധമായും ധരിക്കണമെന്ന നിർദേശമടങ്ങുന്ന ബോർഡുകളും എല്ലായിടത്തും സ്ഥാപിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുന്ന ചെങ്കൽച്ചൂളക്കാരുടെ നിരീക്ഷണത്തിനും പ്രത്യേക സംവിധാനങ്ങൾ റെഡിയാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് രോഗം പടർന്നുപിടിച്ചാലുള്ള ഭവിഷ്യത്തുകൾ മുൻകൂട്ടി കണ്ടുകൊണ്ട് രോഗപ്രതിരോധ സംവിധാനങ്ങളുമായി മുന്നിട്ടിറങ്ങിയത് ചെങ്കൽച്ചൂളയിലെ തന്നെയുള്ള കുറച്ച് ചെറുപ്പക്കാരാണ്. അതുകൊണ്ടുതന്നെ, ഈ മഹാമാരിയെ തുരത്തണമെന്നുള്ള നിശ്ചയദാർഢ്യത്തിലാണ് ഈ യുവാക്കൾ.