ചെന്നൈ: പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ സി.എസ്. ശേഷാദ്രി അന്തരിച്ചു. 88 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.
1989 മുതൽ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ബീജഗണിത ജ്യാമിതിയിലെ പ്രവർത്തനങ്ങളിലൂടെയാണ് ശേഷാദ്രി ശ്രദ്ധനേടുന്നത്. ശേഷാദ്രി സ്ഥിരാങ്കത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. 2009 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ഇദ്ദേഹത്തെ രാജ്യം ആദരിച്ചു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ ആദ്യ ബിരുദ ബാച്ചിൽ ഇദ്ദേഹവുമുണ്ടായിരുന്നു. 1984ൽ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാത്തമാറ്റിക്കൽ സയൻസസിൽ എത്തി. 2010ലാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.