jammukashmir

ശ്രീനഗർ: കാശ്മീരിലെ ഷോപ്പിയാനിൽ ഇന്നലെ രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. അംഷിപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഹിസ്ബുൾ മുജാഹിദ്ദീൻ അംഗങ്ങളെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്.

രഹസ്യവിവരത്തെ തുടർന്ന് പൊലീസ്, സി.ആർ.പി.എഫ്, ആർആർ 62 എന്നിവയുടെ സംയുക്തസേന നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ സംയുക്തസേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. തുടർന്ന് സേന പ്രത്യാക്രമണം നടത്തുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ കാശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. വെള്ളിയാഴ്ച കുൽഗാമിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പടെ മൂന്ന് ഭീകരരെ സേന വധിച്ചിരുന്നു. ഭീകരരും സുരക്ഷാസേനയും തമ്മിൽ വിവിധ ഏറ്റുമുട്ടലിൽ 133 ഭീകരരെ ഇക്കൊല്ലം സേന വധിച്ചു. ഇതിൽ ഭീകരസംഘടനകളുടെ കമാൻഡർമാരും ഉൾപ്പെടുന്നു.