ലോസ്ആഞ്ചലസ് : അമേരിക്കയിലെ സൗത്ത് കാരൊലീനയിൽ കൊവിഡ് ബാധിച്ച നായയെ ദയാവധത്തിന് വിധേയമാക്കി. ഉടമകളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 8 വയസുണ്ടായിരുന്ന ഷെപ്പേർഡ് മിക്സ് ഇനത്തിൽപ്പെട്ട നായയെയും പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടർന്ന് ജൂലായ് 9നാണ് നായയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജന്മനാ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന നായയുടെ ആരോഗ്യസ്ഥിതി അപകടത്തിലാണെന്ന് കണ്ടതോടെയാണ് ദയാവധത്തിന് വിധേയമാക്കിയത്. സൗത്ത് കാരൊലീന സംസ്ഥാനത്ത് ആദ്യമായാണ് ഒരു മൃഗത്തിന് കൊവിഡ് ബാധ കണ്ടെത്തുന്നത്.
യു.എസിൽ നേരത്തെ ഉടമകളിൽ നിന്നും നായകളിലേക്ക് കൊവിഡ് രോഗം പകർന്ന കേസ് കണ്ടെത്തിയിരുന്നു. മനുഷ്യരിൽ നിന്നും കൊവിഡ് 19 വളർത്തു മൃഗങ്ങളിലേക്ക് പകരാൻ സാദ്ധ്യതയേറെയാണ്. അതേ സമയം, വളർത്തുമൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകരുന്നതായി ഇതേവരെ കണ്ടെത്തിയിട്ടില്ല. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർ മനുഷ്യരിൽ നിന്നെന്ന പോലെ വളർത്തുമൃഗങ്ങളിൽ നിന്നും അകലം പാലിക്കണം. ഏപ്രിലിൽ ന്യൂയോർക്കിൽ രണ്ട് വളർത്തുപൂച്ചകൾക്കും ബ്രോൺക്സ് മൃഗശാലയിലെ കടുവകൾക്കും സിംഹങ്ങൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു.