മുംബൈ: ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന്റെ ആരോഗ്യ നിലയെക്കുറിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവർക്കാണ് കമീഷൻ നോട്ടീസയച്ചത്. വരവരറാവുവിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക തുടരുന്നതിനിടെയാണ് മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ.
ജയിലിൽ തളർന്നുവീണതിനെ തുടർന്ന് ജൂലായ് 14നാണ് വരവരറാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. സർക്കാർ നിയന്ത്രണത്തിലുള്ള ജെ.ജെ ആശുപത്രിയിലേക്ക് ജൂലായ് 16നാണ് ഇദ്ദേഹത്തെ മാറ്റിയത്. അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വരവരറാവുവിന്റെ മകളും കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നീട് കോടതിയെ സമീപിച്ചാണ് റാവുവിന്റെ കുടുംബം ചികിത്സയ്ക്കായി അനുമതി തേടിയത്. പരിശോധനയിൽ റാവുവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മറവിരോഗവും വരവരറാവുവിനെ ബാധിച്ചതായി സംശയമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
2018 മുതൽ ഭീമാ കൊറേഗാവ് കേസുമായി വരവരറാവു നവി മുംബയിലെ തലോജ സെൻട്രൽ ജയിലിൽ തടവിലാണ്. യു.എ.പി.എ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരവരറാവുവിന്റെ അടിയന്തര മെഡിക്കൽ ജാമ്യം നിരസിച്ചതിനെ തുടർന്നുള്ള വാദം നാളെ ബോംബൈ ഹൈക്കോടതി കേൾക്കും.