covid

ലണ്ടൻ : കൊവിഡ് 19 രോഗത്തിന് കാരണമായ കൊറോണ വൈറസിന് വ്യത്യസ്തമായ ആറ് സ്ട്രെയിനുകളാണുള്ളത്. ഓരോ സ്ട്രെയിനുകളും ലക്ഷണങ്ങൾ നോക്കി മനസിലാക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ലണ്ടനിലെ കിംഗ്സ് കോളേജിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊവിഡ് ബാധിച്ച 1600 ബ്രിട്ടീഷുകാരിലെയും അമേരിക്കക്കാരിലെയും രോഗലക്ഷണങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് നിഗമനം. ശേഖരിച്ച വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ കൊവിഡ് രോഗികളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അവ എത്രത്തോളം തീവ്രത കൂടിയതാണെന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു സിംപ്റ്റം സ്റ്റഡി ആപ്പ് ഗവേഷക‌ർ വികസിപ്പിച്ചിരുന്നു.

ഇതനുസരിച്ച് കൊവിഡിന് ആറ് തരത്തിലുള്ള രോഗലക്ഷണങ്ങളുടെ ക്ലസ്റ്ററുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഓരോ ക്ലസ്റ്ററും ഓരോ കൊറോണ വൈറസ് സ്ട്രെയിനിനെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ മനുഷ്യനെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന സ്ട്രെയിനിനെയും അതിന്റെ ലക്ഷണത്തെയും ഗവേഷകർ തിരിച്ചറിഞ്ഞു. വളരെ നേർത്ത ലക്ഷണങ്ങൾ മുതൽ ജീവന് അപകടകരമാകുന്ന അവസ്ഥകൾ വരെയാണ് ഓരോ ക്ലസ്റ്ററിലും കണ്ടെത്തിയിരിക്കുന്നത്.

തീവ്രത കുറഞ്ഞ സ്ട്രെയിനുകളുടെ ലക്ഷണം നേർത്ത ജലദോഷത്തിന്റെ ലക്ഷണങ്ങൾ മുതൽ ജലദോഷപ്പനിയും അതിസാരവുമാകാം. ക്ഷീണം, തളർച്ച, വയറുവേദന, ശ്വസനപ്രശ്നങ്ങൾ എന്നിവ തീവ്രത കൂടിയ സ്ട്രെയിനുകളുടെ ലക്ഷണമാണ്. ഈ കണ്ടെത്തലുകൾക്കൊപ്പം തന്നെ കൊവിഡ് രോഗിയുടെ പ്രായം, ശരീരഭാരം, നിലവിലെ ആരോഗ്യസ്ഥിതി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ രോഗത്തിന്റെ തീവ്രത മുൻകൂട്ടി തിരിച്ചറിയാനും ആപ്പിലൂടെ സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ, പ്രമേഹം, പ്രായമേറിയവർ, അമിത വണ്ണമുള്ളവർ തുടങ്ങിയവരിൽ തീവ്രത കൂടിയ സ്ട്രെയിനുകൾ അപകടം സൃഷ്ടിക്കാൻ സാദ്ധ്യത കൂടുതലാണ്. കൊവിഡിന്റെ രണ്ടാം തരംഗം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് പറയുന്ന ഈ സാഹചര്യത്തിൽ തങ്ങളുടെ കണ്ടെത്തൽ ആരോഗ്യപ്രവർത്തകർക്ക് പ്രയോജനകരമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. ക്ലെയർ സ്റ്റീവ്സ് പറഞ്ഞു. ഭാവിയിൽ വെന്റിലേറ്ററിന്റെയോ ശ്വസനോപകരണങ്ങളുടെയോ സഹായത്തോടെ ജീവൻ നിലനിറുത്തേണ്ടി വരുന്ന കേസുകൾ ഇത്തരത്തിൽ നേരത്തെ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.