pic

ജയ്പൂർ: രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ച് പ്രാദേശിക പാർട്ടി നേതാക്കൾ. ഭാരതീയ ട്രെെബ്യൂണൽ പാർട്ടിയുടെ രണ്ട് എം.എൽ.എമാരാണ് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അശോക് ഗെലോട്ട് അറിയിച്ചതോടെയാണ് ഭാരതീയ ട്രെെബ്യൂണൽ പാർട്ടി കോൺഗ്രസിന് പിന്തുണയുമായി എത്തിയത്.മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് ഇക്കാര്യം തന്റെ ട്വീറ്റിലൂടെ അറിയിച്ചത്.നേരത്തെ കോൺഗ്രസ് പാർട്ടിക്കുളള പിന്തുണ ഭാരതീയ ട്രെെബ്യൂണൽ പാർട്ടി പിൻവലിച്ചിരുന്നു.

സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ഭാരതീയ ട്രെെബ്യൂണൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വെലറാം ഗോഗ്ര നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും ബി.ടി.പി കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച ജയ്പൂർ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ പാർട്ടി യോഗത്തിലും രണ്ട് ബി.ടി.പി എം.എൽ.എമാരും പങ്കെടുത്തിരുന്നു.

നൂറിലധികം എം.എൽ.എമാരുടെ പിന്തുണയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെടുന്നത്. 2018ൽ തന്നെ സച്ചിൻ പെെലറ്റ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ഗെലോട്ടിന്റെ ആരോപണം.അതേസമയം 200 അംഗങ്ങളുളള രാജസ്ഥാൻ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 101 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പിക്ക് 72 എം.‌എൽ‌.എമാരാണുളളത്. സച്ചിൻ പെെലറ്റിന്റെ നീക്കങ്ങളെ തുടർന്ന് രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധി ഉറ്റുനോക്കുകയാണ് ഏവരും.