മേഘാലയ: കൊവിഡ് കാലത്ത് ജനങ്ങളോട് കഴിവതും വീടുകളില്‍ തന്നെ കഴിയാൻ ആവശ്യപ്പെടുകയാണ് അധികാരികള്‍. ജനജീവിതം ദുസ്സഹമാകാതിരിക്കാന്‍ അവശ്യസാധനങ്ങളുടെ ലഭ്യത എല്ലാ സംസ്ഥാന ഭരണകൂടങ്ങളും ഉറപ്പുവരുത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം മേഘാലയ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ഒരു പോസ്റ്റ് കഞ്ചാവ് അവശ്യസാധനങ്ങളില്‍ പെടില്ല എന്ന് വ്യക്തമാക്കുന്നു. മേഘാലയ പൊലീസിന്റെ ട്വിറ്റര്‍ പേജ് ആരും ഹാക്ക് ചെയ്തതതല്ല.സംഭവം ഇങ്ങനെ.
കഴിഞ്ഞ ദിവസമാണ് മേഘാലയയിലെ റിഭോയ് പൊലീസ് ഒരു ട്രക്കില്‍ കടത്തുകയായിരുന്ന 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഈ വിവരം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിക്കുമ്പോഴാണ് അല്പം തമാശ കൂടി ചേർത്തത്.വി വുഡ് എന്ന് ആരംഭിക്കേണ്ട ട്വീറ്റ് മേഘാലയ പൊലീസ് ആരംഭിച്ചത് തന്നെ വീഡ് എന്നാണ്.'കൊവിഡ് കാലത്ത് എല്ലാ ആവശ്യവസ്തുക്കളും ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷെ കഞ്ചാവ് ആ കൂട്ടത്തില്‍ പെടില്ല. 'ഞങ്ങളുടെ തുറന്നടിക്കുന്ന രീതിക്ക് (ട്വീറ്റിനെപ്പറ്റി) ക്ഷമ. പക്ഷെ ഇങ്ങനെ പ്രതികരിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം' കെട്ടുകളായി അടുക്കി വച്ച കഞ്ചാവ് പൊതികളോടൊപ്പമുള്ള ചിത്രത്തോടൊപ്പം മേഘാലയ പൊലീസ് കുറിച്ചു. രസകരമായ മേഘാലയ പൊലീസിന്റെ ട്വീറ്റ് ശ്രദ്ധ നേടാന്‍ അധികം സമയം വേണ്ടി വന്നില്ല. ധാരാളം റീട്വീറ്റുകളും ലൈക്കുകളും നേടി മുന്നേറുന്ന പോസ്റ്റിന് കീഴെ വന്ന ചില കമന്റുകളും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
' നിങ്ങള്‍ ഈ ഓപ്പറേഷന്‍ ഒറ്റക്ക് നടത്തിയതാണോ അതോ ജോയിന്റ് ഓപ്പറേഷന്‍ ആയിരുന്നോ എന്നാണ് അങ്കിത് ദേശായി എന്ന വ്യക്തിയുടെ കമന്റ്. ജോയിന്റ് എന്നുള്ളത് കഞ്ചാവ് ചേര്‍ത്തുണ്ടാക്കുന്ന സിഗററ്റിന് പറയുന്ന പേരാണ്.'ആരാണോ ഈ രസകരമായ ട്വീറ്റ് തയ്യാറാക്കിയത്, ആ വ്യക്തിക്ക് ശമ്പളം കൂടുതല്‍ കൊടുക്കണം' എന്നാണ് അന്വേഷ എന്ന ട്വിറ്ററിന്റെ അഭിപ്രായം. 'ഇത് യഥാര്‍ത്ഥത്തില്‍ മേഘാലയ പൊലീസിന്റെ അക്കൗണ്ട് തന്നെ അല്ലെ' എന്ന് സംശയം പ്രകടിപ്പിക്കുന്നു ഒരു ട്വിറ്റര്‍ ഉപഭോക്താവ്.