ചെന്നെെ: തമിഴ്നാട്ടിൽ ഇന്ന് 4807 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രോഗം ബാധിച്ചവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ കൊവിഡ് രോഗികളുടെ എണ്ണം 1,65,714 ആയി. 88 പേരാണ് തമിഴ്നാട്ടിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2403 ആയി ഉയർന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു.
ചെന്നൈയിൽ മാത്രം ഇന്ന് 1219 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം 84598 കൊവിഡ് കേസുകളാണ് ചെന്നെെയിൽ റിപ്പോർട്ട് ചെയ്തത്. തിരുവല്ലൂർ (370), ചെങ്കൽപേട്ട (323), വെല്ലൂർ (191) തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. അതേസമയം തമിഴ്നാട്ടിൽ 3049 പേർ ഇന്ന് രോഗമുക്തരായി ആശുപത്രിവിട്ടു. സംസ്ഥാനത്ത് 49,452 സജീവ കൊവിഡ് കേസുകളാണ് നിലവിലുളളത്.