pakistan
pakistan

ഇസ്ലാമാബാദ്: ഗാന്ധാര സംസ്കാരത്തിന്റെ ഭാഗമായ ശ്രീബുദ്ധ പ്രതിമ കൂടം കൊണ്ടും അടിച്ചുതകർത്ത് പാകിസ്ഥാനിലെ നിർമാണ തൊഴിലാളികൾ. പാകിസ്ഥാനിലെ ഖൈബർ പഖ്‌ത്തുൻഖ്വ പ്രവിശ്യയിലെ മർദാൻ ജില്ലയിലാണ് സംഭവം നടന്നത്.

മർദാനിലെ തഖ്ത് ഭായിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് തൊഴിലാളികൾ പ്രതിമ കണ്ടെടുക്കുന്നത്.

തുടർന്ന്, ശ്രീബുദ്ധ പ്രതിമയുടെ ശേഷിപ്പ് അനിസ്ളാമികമാണെന്ന കാരണം പറഞ്ഞുകൊണ്ട് നിർമാണ തൊഴിലാളികൾ പ്രതിമ അടിച്ചുതകർക്കുകയായിരുന്നു. ഇവർ പ്രതിമ തകർക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

സംഭവം നടന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ കുറ്റവാളികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഖൈബർ പഖ്‌ത്തുൻഖ്വയിലെ മ്യൂസിയം/പുരാവസ്തു വിഭാഗം ഡയറക്ടറായ അബ്‌ദുൾ സമദ് അറിയിച്ചിട്ടുണ്ട്.

തഖ്ത് ഭായിയിൽ നിന്നും മുൻപും ഗാന്ധാര സംസ്കാരത്തിന്റെ ഭാഗമായിരുന്ന നിരവധി ശിൽപ്പങ്ങളും പുരാവസ്തുക്കളും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ പുരാവസ്തു ഗവേഷകർ 1836ലാണ് ആദ്യമായി ഈ പ്രദേശത്ത് ഖനനം നടത്തുന്നത്.