maharashtra

മുംബയ് : രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച സംസ്ഥാനമായ മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു. അതേ സമയം, തലസ്ഥാന നഗരമായ മുംബയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബയിൽ 1,186 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിൽ മഹാരാഷ്‌ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,937 ആണ്. 11,596 പേരാണ് ആകെ മരിച്ചത്. 8,348 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 144 പേരുടെ ജീവനാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ നഷ്‌ട‌മായത്. മുംബയ് മെട്രോപൊളിറ്റൻ മേഖലയിൽ മാത്രം 86 പേർ മരിച്ചു.

1,65,665 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായി. 55.05 ശതമാനമാണ് മഹാരാഷ്‌ട്രയിലെ രോഗമുക്തി നിരക്ക്. 3.86 ശതമാനമാണ് മരണനിരക്ക്. കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്ത് എല്ലാ തരത്തിലുള്ള ഒത്തുകൂടലുകളുടെയും നിരോധനം തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. വൈറസ് വ്യാപനം തടയാൻ ധാരാവി മോഡൽ മാതൃക സംസ്ഥാനത്ത് എല്ലായിടത്തും ആവർത്തിക്കപ്പെടണമെന്ന് കളക്ടർമാരുമായും ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ വെർച്വൽ യോഗത്തിൽ താക്കറെ പറഞ്ഞു. കഴിഞ്ഞാഴ്ച, ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ വൈറസ് വ്യാപനം നിയന്ത്രിക്കാൻ അധികൃതർ സ്വീകരിച്ച ഇടപെടലുകളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു.