
ചെന്നെെ: തെന്നിന്ത്യൻ നടൻ അജിത്തിന് നേരെ ബോംബ് ഭീഷണി. നടന്റെ ചെന്നൈയിലെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എത്തി വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തി. വില്ലുപുരം ജില്ലയിൽ നിന്നാണ് അജ്ഞാത ഫോൺ കോൾ വന്നതെന്നാണ് പെലീസിന് ലഭിക്കുന്ന സൂചന.
നേരത്തെ സമാനമായ രീതിയിൽ നടൻമാരായ രജനീകാന്തിനും വിജയ്ക്കുമെതിരെ അജ്ഞാത ബോംബ് ഭീഷണി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടി. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയാണ് അന്ന് പൊലീസിന്റെ പിടിയിലായത്. എന്നാൽ ഭുവനേഷ് തന്നെയാണോ ഫോൺ ചെയ്തതെന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
എച്ച്. വിനോദിന്റെ വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു അജിത്.എന്നാൽ ലോക്ഡൗണിനെ തുടർന്ന് ഷൂട്ടിംഗ് നിറുത്തിവെക്കുകയായിരുന്നു. സിനിമാ താരങ്ങൾക്കെതിരെയുളള തുടർച്ചയായ ബോംബ് ഭീഷണിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടൊയെന്നും മറ്റു സംഘങ്ങൾക്ക് പങ്കുണ്ടൊയെന്നും പൊലീസ് അന്വേഷിക്കും.