അയോദ്ധ്യ: രാമക്ഷേത്ര നിർമാണം ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് ക്ഷേത്രത്തിന്റെ നിർമാണത്തിനായി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച 'റാം മന്ദിർ ട്രസ്റ്റ്'. നക്ഷത്രങ്ങളുടെ ഗ്രഹങ്ങളുടെയും സ്ഥാനങ്ങളെ അടിസ്ഥാനമാക്കി, അതനുസരിച്ചുള്ള കണക്കുക്കൂട്ടലുകൾ പ്രകാരം ആഗസ്റ്റ് മൂന്ന്, അഞ്ച് എന്നീ തീയതികളാണ് ക്ഷേത്രനിർമാണം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമെന്നും ട്രസ്റ്റ് പറയുന്നു.
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്താൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സൗകര്യം അനുസരിച്ചാകും തീയതിയിൽ അന്തിമ തീരുമാനമുണ്ടാകുക എന്നും ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. ഈ രണ്ട് തീയതികളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരഞ്ഞെടുക്കുന്ന തീയതിയിലായിരിക്കും രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കുകയെന്നും ട്രസ്റ്റ് അംഗങ്ങളിൽ ഒരാളായ കാമേശ്വർ ചൗപാൽ വിശദീകരിച്ചു.
ശിലാസ്ഥാപനം നടത്തുന്നതിനായി കെട്ടിടനിർമാണ/എഞ്ചിനീയറിംഗ് കമ്പനിയായ ലാർസൺ ആൻഡ് ടൂബ്രോ മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെ 60 മീറ്റർ ആഴത്തിലുള്ള മണ്ണിന്റെ കരുത്ത് പരിശോധിച്ച ശേഷമാണ് ക്ഷേത്രത്തിന്റെ അടിസ്ഥാനശില നിർമിക്കുക. മണ്ണിന്റെ ബലത്തിന്റെ അടിസ്ഥാനത്തിൽ ഒരു രേഖാചിത്രം തയ്യാറാക്കപ്പെടുകയും, ഈ രേഖാചിത്രം അടിസ്ഥാനപ്പെടുത്തി, ശിലാസ്ഥാപനത്തിന്റെ ജോലികൾ ആരംഭിക്കുകയും ചെയ്യും. രാം മന്ദിർ ട്രസ്റ്റ് പറയുന്നു.
അതേസമയം, കൊവിഡ് രോഗബാധയുടെ സാഹചര്യം മൂലം നീട്ടിവയ്‌ക്കേണ്ടി വന്ന 'ഭൂമി പൂജ'യുടെ കാര്യത്തിലും ട്രസ്റ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് സൂചന. രാമക്ഷേത്ര നിർമാണത്തിനുളള പണം സ്വരൂപിക്കാനായി രാജ്യത്തെ നാല് ലക്ഷം പ്രദേശങ്ങളിലെ 10 കോടിയോളം വരുന്ന കുടുംബങ്ങളെ കണ്ട് ട്രസ്റ്റ് അഭ്യർത്ഥന നടത്തും. ക്ഷേത്ര നിർമാണത്തിന് ആവശ്യമായുള്ള മാർബിൾ ശിലകളും ഇഷ്ടികകളും നൽകുന്നത് സോംപുര മാർബിൾ കമ്പനിയാണ്.