 പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ പേരിൽ വധശ്രമം

കൊല്ലം: ബന്ധുവായ യുവതിയുമായി അടുപ്പത്തിലായതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിക്ക് 14 വർഷവും 10 മാസവും തടവ് ശിക്ഷ. കൊല്ലം പാരിപ്പള്ളി കരിമ്പല്ലൂർചേരി പത്മാനിവാസിൽ പ്രവീണിനെയാണ് (50) കൊല്ലം അഡിഷണൽ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്.

പാരിപ്പള്ളി കരിമ്പാലൂർ സാഗരയിൽ ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ. തടവിന് പുറമേ 31,500 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 11 മാസം കൂടി തടവ് അനുഭവിക്കണം. 2010 നവംബർ 9ന് വൈകിട്ട് ഏഴോടെയായിരുന്നു കേസിന് ആധാരമായ സംഭവം. കേസിലെ രണ്ടാം പ്രതി ബാബുവിന്റെ മകളുമായി അടുപ്പത്തിലായിരുന്ന ഷാജിയെ മാരകായുധങ്ങളുമായി വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഷാജിയുടെ അച്ഛൻ സോമൻ, അമ്മ സരള, ഗർഭിണിയായ സഹോദരി സിന്ധു എന്നിവരെയും ആക്രമിച്ചു.