തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച ജയഘോഷിനെ യു.എ.ഇ കോൺസൽ ജനറലിന്റെ ഗൺമാനായി നിയമിച്ചത് സംസ്ഥാന സെക്യൂരിറ്റി കമ്മിറ്റി ശുപാർശയില്ലാതെ. ഡി.ജി.പി നേരിട്ട് ഉത്തരവിറക്കുകയായിരുന്നു.
വിമാനത്താവളത്തിൽ ഇന്റലിജൻസ് ബ്യൂറോയുടെ നിയന്ത്രണത്തിലുള്ള ഇമിഗ്രേഷൻ ബ്യൂറോയിൽ അഞ്ചുവർഷം ഡെപ്യൂട്ടേഷനിലായിരുന്നു ജയഘോഷ്. അവിടെ വി.വി.ഐ.പികളെയും രാഷ്ട്രീയ, സിനിമാ, വ്യവസായ ഉന്നതരെയും സ്വീകരിക്കാനും സൗകര്യങ്ങളൊരുക്കാനും ചുമതലയുള്ള ലെയ്സൺ ഓഫീസറായിരുന്നു. ഡെപ്യൂട്ടേഷൻ കഴിഞ്ഞയുടനാണ് കോൺസുലേറ്റിൽ ഗൺമാനാക്കിയത്. വിദേശരാജ്യവുമായി ബന്ധപ്പെട്ട ഓഫീസിലെ നിയമനമയതിനാൽ ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ ശുപാർശ വേണം. ജയഘോഷിന്റെ കാര്യത്തിൽ ഇതുണ്ടായില്ല. വിദേശകാര്യ മന്ത്റാലയത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് നിയമനമെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമം, എ.ആർ ക്യാമ്പിലേക്ക് മടങ്ങിയ ജയഘോഷിനെ ഗൾഫിലെ വ്യവസായിയുടെ ശുപാർശയിലാണ് ഗൺമാനായി നിയമിച്ചതെന്ന് കസ്റ്റംസിന് വിവരം കിട്ടിയിട്ടുണ്ട്. ജയഘോഷിന്റെ സുഹൃത്തും എട്ടുവർഷം വിമാനത്താവളത്തിൽ ലെയ്സൺ ഓഫീസറുമായിരുന്ന നാഗരാജിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ഐ.ബി തിരിച്ചയച്ച ഇയാളെ സിറ്റി പൊലീസിന്റെ ലെയ്സൺ ഓഫീസറായി വിമാനത്താവളത്തിൽ നിയമിക്കാൻ ഉന്നതരാണ് ശുപാർശ ചെയ്തത്. ദീർഘമായ കാലയളവിൽ നാഗരാജ് എങ്ങനെ വിമാനത്താവളത്തിൽ പ്രവർത്തിച്ചെന്നും അന്വേഷിക്കുന്നുണ്ട്.
കസ്റ്റംസ് ചോദ്യം
ചെയ്യും
യു.എ.ഇ കോൺസുലേറ്റ് ജനറൽ അറ്റാഷെയുടെ ഗൺമാനായിരുന്ന ജയഘോഷിന്റെ ആത്മഹത്യാശ്രമം നാടകമാണെന്നും ആസൂത്രിതമെന്നും സംശയം. സ്വർണക്കടത്തുകാർ കൊല്ലുമെന്ന പേടിയിൽ ആത്മഹ്യയ്ക്ക് ശ്രമിച്ചെന്നാണ് ജയഘോഷ് മജിസ്ട്രേറ്റിന് നൽകിയ മൊഴി. ദുരൂഹത നീക്കാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യംചെയ്യും.
സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള ജയഘോഷ് അപകടനില തരണം ചെയ്തു. കൈയിൽ രണ്ടു മുറിവുണ്ട്. ഒരെണ്ണം ആഴത്തിലുള്ളതാണ്. എന്നാൽ ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിനെ അറിയിക്കാതിരുന്നതും കോൺസുലേറ്റിലെ മറ്റ് സുരക്ഷാ ജീവനക്കാർക്കില്ലാത്തഭയവും സംശയകരമാണ്. ജയഘോഷിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു. സ്വർണമെത്തിയതിന് മുൻപും ശേഷവും നിരവധി തവണ സ്വപ്ന ജയഘോഷിനെ വിളിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാൾക്ക് ഉണ്ടായിരുന്നതായാണ് വിവരം. സ്വർണക്കടത്തിനെക്കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. അറ്റാഷെ രാജ്യംവിട്ടതോടെയാണ് ജയഘോഷ് കുരുക്കിലായത്. കോൺസൽ ജനറലിന്റെ ചുമതലയുള്ള അറ്റാഷെ ഇവിടെ വിട്ടുപോയാൽ ക്രൈംബ്രാഞ്ച് സി.ഐ.ഡിയെ അറിയിക്കേണ്ട ചുമതല ജയഘോഷിനുണ്ട്. സേനയിൽ നിന്ന് പിരിച്ചുവിടാൻ കാരണമായേക്കാവുന്ന പിഴവാണിത്.