ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സമ്പർക്ക വ്യാപനം ആരംഭിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ദിനംപ്രതി 30,000 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് രാജ്യത്തിന് വളരെ മോശം അവസ്ഥയാണെന്ന് ഐ.എം.എ ചെയർമാൻ ഡോ.വി.കെ മോംഗ പറഞ്ഞു. രാജ്യത്ത് ഇതുവരെ 10,38,716 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6,53,751 പേർ രോഗമുക്തി നേടി. 26,273 പേർ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെടുകയും ചെയ്തു. അതേസമയം 3,58,629 സജീവ കൊവിഡ് കേസുകളാണ് നിലവിലുളളത്.
വൈറസ് വ്യാപനം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടരുന്നു.ഡൽഹിയിലെ പോലെ ഗ്രാമങ്ങളിൽ വെെറസ് വ്യാപനം ഉണ്ടായാൽ നിയന്ത്രിക്കുക എളുപ്പമാവില്ല. മഹാരാഷ്ട്ര, കർണാടക, കേരളം, ഗോവ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ സമൂഹ വ്യാപനം നടന്നാൽ എന്തു ചെയ്യുമെന്നും വി.കെ മോംഗ ചോദിച്ചു.സ്ഥിതി വളരെ ഗുരുതരമാണെന്നും സംസ്ഥാന സർക്കാരുകൾ കർശന നടപടികൾ കെെക്കൊളളണമെന്നും ആവശ്യമെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 1,34,33,742 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചിട്ടുളളത്. ഐ.സി.എം.ആർ കൊവിഡ് പരിശോധനകൾ വളരെ വേഗത്തിലാക്കുന്നുണ്ട്. ഇതിനായി 885 സർക്കാർ പരിശോധന ലാബുകളും 368 സ്വകാര്യ ലാബുകളുമാണ് സജ്ജീകരിച്ചിട്ടുളളത്. കൊവിഡ് വാക്സിൻ കണ്ടെത്തുകയെന്നതാണ് ഏറ്റവും വലിയ പ്രതീക്ഷയെന്നും ഇതിനായി ഇന്ത്യയിലെ രണ്ട് തദ്ദേശ വാക്സിൻ നിർമാതാക്കൾ ഉടൻ തന്നെ മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.