തായ്‌ലന്‍ഡ്: സര്‍ക്കാര്‍ രാജിവെക്കണമെന്നും പാര്‍ലമെന്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് തായ്‌ലന്‍ഡില്‍ വന്‍ പ്രതിഷേധം. കൊവിഡ്-19 പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് രാജ്യ തലസ്ഥാനമായ ബാങ്കോക്കില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 2014-ലെ സൈനിക അട്ടിമറിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് ശനിയാഴ്ച വൈകുന്നേരം ബാങ്കോക്കില്‍ നടന്നത്.
ബാങ്കോക്കിലെ ജനാധിപത്യ സ്മാരകത്തിന് സമീപത്തേക്ക് നടന്ന റാലിക്ക് വിദ്യാര്‍ഥികളാണ് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓചയ്ക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രക്ഷോഭകര്‍ റാലിയില്‍ അണിനിരന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുന്‍ സൈനിക ക്യാപ്റ്റനായ പ്രയുത് ചാന്‍ ഓച അധികാരത്തിലെത്തിയത്.മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ ഉന്നയിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിടുക എന്നതാണ് അതില്‍ ഒന്നാമത്തേത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക, സൈന്യം ഉണ്ടാക്കിയ ഭരണഘടന ഭേദഗതി ചെയ്യുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പുതിയ ഭരണഘടന അനുസരിച്ച് പ്രയുത് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
ജനാധിപത്യമില്ലാത്ത രാജ്യത്ത് എങ്ങനെയാണ് സമാധാനമായി ജീവിക്കാനാകുക എന്നാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവർ ചോദിക്കുന്നത്.തെരുവില്‍ പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും അവര്‍ പ്രതിഷേധക്കാരെ തടയാന്‍ ശ്രമിച്ചില്ല. ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച മന്ത്രിസഭയില്‍ നിന്ന് നിരവധി അംഗങ്ങള്‍ രാജിവെച്ചിരുന്നു.