pic

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്ന് ഏതാണെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകും. സോൾജീൻസ്മ എന്ന ജീവൻരക്ഷാ മരുന്നാണ് ലോകത്ത് നിലവിലുള്ളതിൽ വച്ച് ഏറ്റവും വില കൂടിയ മരുന്ന്.സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗത്തിനുള്ള ജീൻ തെറാപ്പിക്കുള്ള ഈ മരുന്നിന്റെ വില 2.125 മില്ല്യൺ ഡോളറാണ്. ഏകദേശം 15,22,46,687.50 ഇന്ത്യൻ രൂപ.



ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തെ ദുർബലപ്പെടുന്ന പാരമ്പര്യ രോഗമാണ് സ്പൈനൽ മസ്കുലാർ അട്രോഫി. രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലാണ് സോൾജീൻസ്മ എന്ന മരുന്ന് ഉപയോഗിച്ചുള്ള ജീൻ തെറാപ്പി ഫലപ്രദമാവുന്നത്. രോഗം സങ്കീർണമാകുന്നത് കുഞ്ഞുങ്ങൾക്ക് ചലനശേഷി നഷ്ടപ്പെടാൻ കാരണമാവുകയൊ മരണത്തിലേക്ക് നയിക്കുകയൊ ചെയ്തേക്കാം.

അതേസമയം ജീൻ തെറാപ്പിയിലൂടെ ഈ അസുഖം ഭേദപ്പെടുത്താം. ചികിത്സാ ആവശ്യത്തിനായി മരുന്നുകൾ നിർമിക്കാനും ഉപയോഗിക്കാനും യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ആവശ്യമാണ്. ഈ ചികിത്സയ്ക്കായ് നോവാർട്ടിസ് ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ചിരിക്കുന്ന മരുന്നിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിട്ടുണ്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് നോവാർട്ടിസ്.