pic

സോഷ്യൽ മീഡിയയുടെ വരവോടെ വെബ് സീരീസ് എന്ന പുതിയ മേഖലയ്ക്ക് തുടക്കമായി. ബിഗ് സ്ക്രീനിൽ കണ്ടിരുന്ന പ്രിയ താരങ്ങൾ ഇപ്പോൾ വെബ് സീരീസിൽ അഭിനയിക്കാനൊരുങ്ങുകയാണ്. സിനിമാ താരങ്ങളായ ഫഹദ് ഫാസിലും സൂര്യയുമാണ് വെബ് സീരീസില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.പ്രശസ്ത സംവിധായകന്‍ മണിരത്‌നം നിര്‍മിക്കുന്ന വെബ് സീരീസിലാണ് ഇരുവരും അഭിനയിക്കുക. വാര്‍ത്ത സത്യമാണെങ്കില്‍ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാകുമിത്.

മണിരത്‌നത്തിന്റെ 'നവരസ' എന്ന വെബ് സീരീസിനായി ഫഹദിനെയും സൂര്യയെയും സമീപിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ. ഒടിടി ചരിത്രത്തിലെ തന്നെ വലിയ താരനിരയുമായാണ് സീരീസ് എത്തുന്നതെന്ന സൂചനകളും ലഭിക്കുന്നുണ്ട്. വ്യത്യസ്ത ഭാഗങ്ങളായി ഒരുക്കുന്ന ഈ സീരീസ് ഒന്‍പത് പേർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നടന്മാരായ അരവിന്ദ് സാമിയും സിദ്ധാര്‍ത്ഥും ആദ്യമായി സംവിധായകരാകുന്നതും നവരസ വെബ് സീരീസിന്റെ പ്രത്യേകതയാണ്. ഇവര്‍ക്കുപുറമേ സുധാ കൊങ്ങറ, ജയേന്ദ്ര, ഗൗതം മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, കെ.വി ആനന്ദ് എന്നിവരാണ് വെബ് സീരീസിന്റെ മറ്റ് സംവിധായകര്‍. അതേസമയം മണിരത്‌നം ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം സംവിധാനം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.