ബെംഗളൂരു: കൊവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം അന്തിമ സംസ്കാരത്തിനായി ഉന്തുവണ്ടിയിൽ തളളിക്കൊണ്ട് പോകുന്ന സ്ത്രീയുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ബെൽഗാം ജില്ലയിലെ അഥാനിയിലാണ് സംഭവം. കൊവിഡ് ബാധിച്ച് തന്റെ ഭർത്താവ് മരിച്ചതിനാൽ ബന്ധുക്കൾ ആരും സഹായിക്കാനെത്തിയില്ലെന്നും താനും രണ്ടു മക്കളും ചേർന്ന് ഉന്തുവണ്ടിയിൽ തളളിയാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോയതെന്നും യുവതി പറഞ്ഞു.
കുടുംബത്തിന് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടെന്നും അതിനാലാകാം മൃതദേഹം ഉന്തുവണ്ടിയിൽ തളളിക്കൊണ്ട് പോയതെന്നുമാണ് നാട്ടുകാർ പറയുന്നത്. സദാശിവ് ഹിരാട്ടി എന്ന 55 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. വീട്ടിലാരും ഇല്ലാതിരുന്ന സമയത്താണ് സദാശിവ് ഹിരാട്ടി മരണപ്പെടുന്നത്.
പുറത്തു പോയി വന്ന കുടുംബം വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് ഇവർ വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ആരിൽ നിന്നും ഒരു സഹായവും ലഭിക്കാതിരുന്നതിനെ തുടർന്നാണ് യുവതിക്ക് ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കൊണ്ടുപോകേണ്ട ഗതികേടുണ്ടായത്.