covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 14,414,074 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ ആറ് ലക്ഷം കടന്നു. 8,606,611 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 100 മണിക്കൂറിനുള്ളിൽ ലോകത്ത് പത്തുലക്ഷത്തിലധികം പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്തതായിട്ടാണ് വിവരം. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. ജൂലായ് 13ന് രോഗികളുടെ എണ്ണം 1.30 കോടിയായിരുന്നു. അതിൽ നിന്നും 1.40 കോടിയായി വർദ്ധിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങളാണെടുത്തത്. ഇത് ആശങ്കയുണർത്തുന്നതാണ്.

അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 62,000ത്തിലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,833,192 ആയി. യു.എസിൽ 142,870 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,775,219 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലും ആശങ്കയേറുകയാണ്. 2,075,246 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 78,817 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,366,775 പേർ സുഖം പ്രാപിച്ചു.