covid-19

തിരുവനന്തപുരം തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായ സ്ഥിതിയിലാണ്. തീരദേശ മേഖലയായ പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ മാത്രം 173 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രോഗവ്യാപനം തടയാനായി തീരമേഖലകളിൽ സമ്പൂർണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. എന്നാൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമ്പോഴും, ടെസ്റ്റ് കിറ്റുകൾ ഇല്ലാത്തതിനാൽ പെട്ടെന്ന് കൊവിഡ് ഫലമറിയുന്ന ആന്റിജൻ പരിശോധന ആരോഗ്യവകുപ്പ് കുറച്ചതായി ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കരകുളം പഞ്ചായത്തിൽ ഇന്നലെ ആകെ അമ്പത് പേരെയാണ് പരിശോധിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സമൂഹവ്യാപനം റിപ്പോർട്ട് ചെയ്ത പുല്ലുവിള ഈ പഞ്ചായത്തിലാണ്. പരിശോധിച്ച അമ്പത് പേരിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച 150 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഏഴ് ദിവസത്തിനിടെ 279 പേരാണ് ഈ മേഖലയിൽ കൊവിഡ് ബാധിതരായത്.

അതേസമയം, പൂന്തുറയിൽ 27 പേരെ മാത്രമാണ് പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. അതിൽ എട്ടുപേർ പോസിറ്റീവായി. ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ആയിരത്തിൽ താഴെ മാത്രമേ സ്റ്റോക്ക് ഉള്ളുവെന്നാണ് സൂചന. രോഗബാധിതരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കിയില്ലെങ്കിൽ കൊവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.