ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,902 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിതെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 10,77,618 ആയി. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണവും ഉയർന്നിട്ടുണ്ട്. 6,77,423 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. പലസംസ്ഥാനങ്ങളിലും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന.
നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കാെവിഡ് കേസുകൾ റിപ്പോർട്ടുചെയ്യുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. മഹാനഗരമായ മുംബയിൽ മാത്രം ഒരുലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ടുചെയ്തത്.
തമിഴ്നാട്ടിലും കർണാടകത്തിലും നാലായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോർട്ടുചെയ്യുന്നത്. രോഗവ്യാപനം തടയാൻ തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവിടങ്ങളിൽ രോഗികളാകുന്നവരുടെ എണ്ണം കൂടിവരികയാണ്. സമ്പർക്കത്തിലൂടെ രോഗികളാകുന്നവരുടെ എണ്ണമാണ് കൂടുതൽ. പലരുടെയും രോഗ ഉറവിടം തന്നെ വ്യക്തമല്ല. രോഗികളുടെ എണ്ണം കൂടിയതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ കാര്യമായ രോഗലക്ഷണങ്ങൾ ഉളളവരെ മാത്രം ആശുപത്രികളിൽ കിടത്തി ചികിത്സിച്ചാൽ മതിയെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്. ചെറിയ ലക്ഷണങ്ങളുമായി എത്തുന്നവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് അയയ്ക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
കഴിഞ്ഞദിവസങ്ങളിൽ ആന്ധ്രാപ്രദേശിലും രോഗികളുടെ എണ്ണം കൂടുകയാണ്. 3900 കൊവിഡ് കേസുകളാണ് ഇരുപത്തിനാലുമണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ടുചെയ്തത്. പശ്ചിമബംഗാളിലും രോഗികളുടെ എണ്ണം കൂടുകയാണ്. ഇവിടെ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരണ സംഖ്യയും കൂടുകയാണ്. നേരത്തേ രോഗികൾ കുറവായിരുന്ന ബീഹാറിലും ഉത്തർപ്രദേശിലും സ്ഥിതി കൂടുതൽ ഭയാനകമാവുകയാണ്. രണ്ടായിരത്തോളം കൊവിഡ് കേസുകളാണ് ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ടുചെയ്തത്. കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. കേരളത്തിൽ ഇന്ന് രാവിലെ ഒരാൾകൂടി കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുതുടങ്ങിയത് ആശ്വാസം നൽകുന്നുണ്ട്. ഇവിടത്തെ പ്രതിദിന രോഗബാധ ആയിരത്തിൽ നിന്ന് അഞ്ഞൂറിൽ താഴെയെത്തിനിൽക്കുകയാണ്. കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം കൂടിയതോടെ കേന്ദ്രസർക്കാരും ഇടപെട്ടിരുന്നു.