തിരുവനന്തപുരം:ചവറയിലെയും കുട്ടനാട്ടിലെയും ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടതില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഈ വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആഴ്ചയോ അടുത്തയാഴ്ചയോ തീരുമാനം എടുക്കും എന്നാണ് കരുതുന്നത്.
നിലവിലെ സംസ്ഥാന സർക്കാരിന് ഒരുവർഷത്തിൽ താഴെ മാത്രമാണ് കാലാവധി ഉളളത്. ഇതിനൊപ്പം സംസ്ഥാനത്ത് ശക്തമായ മഴക്കാലവും ഉടൻ ആരംഭിക്കും. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടായിരിക്കും എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം ഉപതിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു പോളിംഗ് സ്‌റ്റേഷനിൽ പരമാവധി 1000 പേരെ പാടുള്ളൂ എന്നാണ് പ്രധാനം.
സാമൂഹിക അകലം കൃത്യമായി പാലിക്കണം, വീടുകളിൽ വോട്ടുപിടിക്കാൻ പോകുന്ന സമയത്ത് അഞ്ചുപേരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല തുടങ്ങിയവയാണ് മറ്റുനിർദ്ദേശങ്ങൾ