ഹൈദരാബാദ്: ഹൈദരാബാദിലെ ഗാന്ധി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ ജോലിചെയ്യുന്ന പി. യെല്ലയ്യ എന്ന നാൽപതുകാരൻ കൊവിഡ് കാലത്തെ തന്റെ ജോലിയെക്കുറിച്ച് വെളിപ്പെടുത്തുന്നു. നിരവധി പേർക്ക് രോഗം പിടിപെട്ടു. ധാരാളം ആളുകൾ മരണപ്പെടുകയും ചെയ്തു.ഏപ്രിലിലാണ് തന്നെ മോർച്ചറി ഡ്യൂട്ടിയിലേക്ക് മാറ്റിയതെന്ന് യെല്ലയ്യ പറയുന്നു. തന്റെ ജോലിയെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ ഈ തൊഴിലിൽ ഏർപ്പെടുന്നു. ഇത് മാനവികതയ്ക്കുള്ള ഒരു സേവനമാണ്. സുഖം പ്രാപിച്ച് ആശുപത്രി വിടുന്ന രോഗികളുടെ അനുഗ്രഹം എന്റെ കുടുംബത്തിനുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.-'അദ്ദേഹം പറയുന്നു. ഒരു സ്‌കൂൾ ബസ് ഡ്രൈവറായിരുന്ന യെല്ലയ്യ 2004 മുതൽ ഗാന്ധി ആശുപത്രിയിൽ ജോലി ചെയ്യുന്നു. 10,340 രൂപയാണ് ഇപ്പോഴത്തെ വരുമാനം.
യെല്ലയ്യയും മറ്റ് മൂന്ന് സഹപ്രവർത്തകരും എല്ലാ ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള ഷിഫ്റ്റിലാണ് ജോലിചെയ്യുന്നത്. ഈ സംഘമാണ് മൃതദേഹങ്ങൾ ബാഗുകളിലാക്കി മോർച്ചറിയിലേക്ക് മാറ്റുന്നത്. ഒരു വ്യക്തി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചശേഷം, മരണത്തെക്കുറിച്ച് അവരുടെ ബന്ധുക്കളെ അറിയിക്കുകയും, മൃതദേഹം തിരിച്ചറിയാൻ നിർദേശിക്കുകയും ചെയ്യുന്നു.
എല്ലാ സംരക്ഷണ ഉപകരണങ്ങളും ഉണ്ടായിരുന്നിട്ടും, ആ സമയത്തെ മാനസിക ആഘാതത്തിൽ നിന്ന് രക്ഷിക്കാൻ ഒന്നിനും കഴിയില്ല. ഒരു മൃതദേഹത്തിന്റെ ബാഗ് തുറക്കുമ്പോൾ ബോധം കെട്ടുവീഴുകയോ, മോർച്ചറിയിൽ നിന്ന് പുറത്തേക്ക് ഓടുകയോ, അല്ലെങ്കിൽ രോഗം ബാധിക്കുമോ എന്ന ഭയത്താൽ ശരീരം നോക്കാൻ പോലും വിസമ്മതിക്കുന്ന കുടുംബാംഗങ്ങൾ... ഇതിനെല്ലാം താൻ സാക്ഷിയായെന്ന് യെല്ലയ്യ പറയുന്നു.
ഒരു മൃതദേഹം തിരിച്ചറിഞ്ഞ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പ്രോട്ടോക്കോൾ അനുസരിച്ച് ശ്മശാനത്തിലേക്ക് മാറ്റുമ്പോൾ അദ്ദേഹത്തിന്റെ ജോലി അവസാനിക്കുന്നു. ' വീട്ടിൽ പോയി മക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ, മോർച്ചറിയിൽ പി.പി.ഇ കിറ്റുകളും മാസ്‌കുകളും ധരിച്ച് ചെലവഴിച്ച മണിക്കൂറുകളും ഞാൻ മറക്കുന്നു. എന്റെ കുട്ടികളെ കെട്ടിപ്പിടിച്ച് ഞാൻ സമാധാനത്തോടെ ഉറങ്ങുന്നു. ഭയപ്പെടുന്നില്ല.'- യെല്ലയ്യ പറയുന്നു. മകനെ ഡോക്ടറാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.