gold

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ നിർണായക വിവരങ്ങൾ പുറത്ത്. 23 തവണകളായി 230 കിലോ സ്വർണമാണ് സ്വപ്നയും കൂട്ടാളികളും വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി കടത്തിയത്. വിമാനത്താവളത്തിലെത്തി സരിത്താണ് ബാഗേജ് സ്വീകരിച്ചിരുന്നത്.

കഴിഞ്ഞവർഷം ജൂണിൽ നയതന്ത്രചാനൽ വഴി ഡമ്മി ബാഗ് കടത്തി. ഇത് പിടിക്കപ്പെടാതായതോടെ ആത്മവിശ്വാസം കൂടി. ജൂലായ് മുതൽ വൻതോതിൽ സ്വർണം കടത്താനാരംഭിച്ചു. നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തിന്റെ ആശയം കേസിൽ അറസ്റ്റിലായ റമീസിന്റേതാണ് .

നയതന്ത്ര ചാനൽ വഴി 152 കിലോ വരെ ഭാരമുള്ള ബാഗുകൾ എത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സ്വര്‍ണം പിടിച്ചെടുത്ത ബാഗിന് 79 കിലോ തൂക്കമുണ്ടായിരുന്നു. ഇതില്‍ നിന്നും 30 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പ്രതികളാണ് അറസ്റ്റിലായത്.