1. ഏഴ് ഡോക്ടര്‍മാര്‍ക്ക് കൊറോണ ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍ ആയി. നേരത്തേ കൊറോണ ബാധിച്ച അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആണ് ഏഴുപേര്‍ക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തത്. ഇതിനൊപ്പം രണ്ട് നഴ്സ് മാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്നാണ് സൂചന. 150 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ പതിനെട്ട് പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധിച്ചത്. കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കൊറോണ ബാധിച്ചതോടെ ആശുപത്രിയിലെ കൂടുതല്‍ വിഭാഗങ്ങള്‍ അടച്ചിടും. നിവലില്‍ സര്‍ജറി വിഭാഗം അടച്ചിട്ട് ഇരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്നതോടെ ആയിരം പരിശോധനാ കിറ്റുകള്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറിയിട്ടുണ്ട്.
2. സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞു വീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. സമ്പര്‍ക്കത്തിലൂടെ ആണ് കുഞ്ഞുവീരാന് കൊവിഡ് ബാധിച്ചത്. ജൂലായ് എട്ടിന് കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അന്ന് മുതല്‍ അതി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുക ആയിരുന്നു. രക്തസമ്മര്‍ദവും പ്രമേഹവും ന്യൂമോണിയയും ഉണ്ടായിരുന്നു. ഇതോടെ എറണാകുളത്ത് കൊാവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്
3. അതിനിടെ, തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ഇന്നലെയാണ് ബാര്‍ട്ടന്‍ഹില്‍ നിരീക്ഷണ കേന്ദ്രത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുക ആയിരുന്നു. നേരത്തെയും തിരുവനന്തപുരം സമാനമായ ആത്മഹത്യ നടന്നിരുന്നു. അന്ന് കൊവിഡ് രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
4. കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജന പ്രതിനിധികളുടെ യോഗം ഇന്ന് ചേരും. ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. ഇന്നലെ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട ്‌ചെയ്യപ്പെട്ട 26 കൊവിഡ് കേസുകളില്‍ 22ഉം സമ്പര്‍ക്കത്തിലൂടെ ആണ്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി ,ഏറാമല,പുറമേരി ഗ്രാമപഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. വേളം, വളയം, വില്ല്യാപ്പള്ളി ചോറോട് ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാണ്.
5. ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും. വൈദ്യ സഹായത്തിനും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തുറക്കില്ല. മെഡിക്കല്‍ ഷോപ്പുകളും അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
6. ചവറ, കുട്ടനാട് ഉപ തിരഞ്ഞടുപ്പുകള്‍ നടത്തേണ്ടത് ഇല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വീണ്ടും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു അതേസമയം, ഈ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ അന്തിമ തീരുമാനം കൈകൊണ്ടില്ല. ഈ ആഴ്ച്ചയോ അടുത്ത ആഴ്ച്ചയോ വിഷയത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കും. വെള്ളിയാഴ്ച്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ആണ് രണ്ട് ഉപ തിരഞ്ഞെടുപ്പുകളും നടത്തേണ്ടത് ഇല്ലെന്ന നിലപാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചത്. നിലവിലെ സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ താഴെയേ കാലാവധി ഉള്ളു. മാത്രമല്ല സംസ്ഥാനത്ത് മഴക്കാലവും തുടങ്ങാന്‍ ഇരിക്കുക ആണ് . ഈ സാഹചര്യത്തില്‍ പോളിങ് ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട സാധ്യതയും സാഹചര്യവും ഇല്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
7. വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. നയതന്ത്ര ബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയത്. ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യം എന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അഞ്ചിന് തിരുവനന്തപുരത്ത് ആണ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണക്കടത്ത് സംഘം ഡമ്മി ബാഗേജ് അയച്ച് പരീക്ഷണം നടത്തിയെന്നും വിവരം. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആയിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയം ആയതോടെ ആണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്. വീട്ട് ഉപകരണങ്ങള്‍ എന്ന പേരിലാണ് സംഘം 200 കിലോ സ്വര്‍ണം കടത്തിയത്. 3.7 കിലോ സ്വര്‍ണം മാത്രമാണ് കസ്റ്റംസിന് കണ്ടെത്താന്‍ ആയത്.
8. അതേസമയം, സ്വപ്നയുടെ നിയമനത്തിന് എതിരെ കൊച്ചി സ്വദേശി വിജിലന്‍സ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും എന്ന് ചൂണ്ടിക്കാട്ടി ആണ് പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ആണ് നിയമനം എന്ന് പരാതിക്കാരന്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ കെ.ടി റമീസിനെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ കിട്ടുന്നത് വൈകും. കൊവിഡ് പരിശോധനാ ഫലം വൈകിയത് ആണ് കാരണം. വ്യാഴാഴ്ച തന്നെ കസ്റ്റംസ് കസ്റ്റഡി അപേക്ഷ നല്‍കി ഇരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടാണ് റമീസിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കിട്ടിയത്. സ്വര്‍ണം കടത്താനുള്ള പണത്തിനായി നിക്ഷേപകരെ കണ്ടെത്തിയതില്‍ ഉള്‍പ്പെടെ മുഖ്യ പങ്കുള്ളയാളാണ് റമീസ്. റമീസിനെ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് മറ്റ് ആറ് പേര്‍ പിടിയിലായത്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേരെ പിടികൂടാന്‍ ആകും എന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്.