kad

തി​രുവനന്തപുരം: മെഡി​ക്കൽ കോളേജി​ൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒ പിയിൽ ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തും. ചെറിയ പനിക്കുള‌ള ചികിത്സയ്ക്കായി ആരും മെഡിക്കൽ കോളേജിലേക്ക് വരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽകോളേജിലെ 150 ജീവനക്കാർ കൊവിഡ് നിരീക്ഷണത്തിൽ പോയത് ആശുപത്രിയുടെ പ്രവർത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നുപറഞ്ഞ മന്ത്രി കൊവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്നവർക്ക് അസുഖം വന്നിട്ടില്ലെന്നും മറ്റ് വിഭാഗങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും മുൻകരുതൽ എടുക്കണമെന്നും ആവശ്യപ്പെട്ടു.

ഏഴ് ഡോക്ടർമാർക്കടക്കം 18പേർക്ക് വൈറസ് ബാധിച്ചത് മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കുൾപ്പെടയാണ് രോഗബാധയുണ്ടായത്. ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ ശസ്ത്രക്രിയാ വാർഡ് നേരത്തേ അടച്ചിരുന്നു. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ ഡിപ്പാർട്ടുമെന്റുകൾ അടച്ചിടേണ്ടിവരുമെന്നാണ് കരുതുന്നത്.

രോഗികളുടെ കൂട്ടിരിപ്പിനായെത്തിവരിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്. കൂടുതൽ പേർക്ക് രോഗം പടർന്നതോടെ ആയിരം പരിശോധനാകിറ്റുകൾ മെഡിക്കൽകോളേജ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആയിരം കിറ്റുകൾ മെഡിക്കൽകോളേജിന് കൈമാറിയിട്ടുണ്ട്.