ദുബായ്:യു.എ.ഇ തീരത്ത് നിന്ന് കാണാതായ ഓയില്‍ ടാങ്കര്‍ ഇറാനിലെത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ജൂലായ് അഞ്ചിനാണ് എം.ടി ഗള്‍ഫ് സ്‌കൈ എന്ന കപ്പല്‍ റാഞ്ചിയതെന്ന് കപ്പലിന്റെ ക്യാപ്റ്റനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടാങ്കര്‍ ക്രൂഡ് ഓയില്‍ കള്ളക്കടത്ത് നടത്തുകയാണെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്.
കപ്പല്‍ ഇപ്പോള്‍ ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കിലെ ദ്വീപിലാണുള്ളതെന്ന് അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 28 ഇന്ത്യന്‍ ജീവനക്കാരെ ഇറാന്‍ തീരത്ത് ഇറക്കിയതായും രണ്ട് പേരൊഴികെ എല്ലാവരും ജൂലായ് 15-ന് നാട്ടിലേക്ക് മടങ്ങിയതായും ഐ.എല്‍.ഒ അറിയിച്ചു. കപ്പല്‍ ഉടമകള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ യു.എ.ഇയിലെ കോര്‍ഫഖാന്‍ തീരത്തിന് സമീപത്തായിരുന്നു മാര്‍ച്ച് മുതല്‍ കപ്പല്‍ ഉണ്ടായിരുന്നത്.ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടുന്നുണ്ടായിരുന്നില്ല. എം.ടി ഗള്‍ഫ് സ്‌കൈ കപ്പല്‍ റാഞ്ചിയതായോ ജീവനക്കാരെ ഇറാനില്‍ ഇറക്കിയതായോ ഇറാനിലെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. എം.ടി ഗള്‍ഫ് സ്‌കൈ വാങ്ങാനായി 12 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയതിന് രണ്ട് ഇറാനിയന്‍ പൗരന്‍മാര്‍ക്കെതിരെ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കേസെടുത്തിരുന്നു.
കള്ളക്കടത്തില്‍ ഇറാന്‍ പാരമിലിറ്ററി റവല്യൂഷണറി ഗാര്‍ഡിന്റെ ഖുദ്‌സ് ഫോഴ്‌സിന് പങ്കുണ്ടെന്നാണ് കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്. ഇറാനിയന്‍ ദേശീയ ഓയില്‍, ടാങ്കര്‍ കമ്പനികള്‍ക്കും പങ്കുള്ളതായി ആരോപണമുണ്ട്. കേസ് ചുമത്തപ്പെട്ടവരില്‍ ഒരാള്‍ക്ക് ഇറാഖി പാസ്‌പോര്‍ട്ടുമുണ്ട്.അധികൃതര്‍ പിടിച്ചെടുത്ത കപ്പല്‍ എങ്ങനെയാണ് യു.എ.ഇ തീരത്ത് നിന്ന് കൊണ്ടുപോയതെന്ന സംശയമാണ് നിലനില്‍ക്കുന്നത്. യു.എസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്കില്‍ ഓയില്‍ ടാങ്കറുകള്‍ ലക്ഷ്യമിടുന്നത് പതിവായിട്ടുണ്ട്. ഓയില്‍ ടാങ്കറുകളെ ഇറാന്‍ ആക്രമിക്കുന്നതായി യു.എസ് ആരോപിക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്.