മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം റെക്കാഡ് കുതിപ്പ് തുടരുന്നു. ജൂലായ് 10ന് സമാപിച്ച വാരത്തിൽ 310.8 കോടി ഡോളർ വർദ്ധിച്ച് ശേഖരം സർവകാല റെക്കാഡ് ഉയരമായ 51,636.2 കോടി ഡോളറിലെത്തി. ജൂലായ് മൂന്നിന് അവസാനിച്ച വാരത്തിൽ 641.6 കോടി ഡോളറിന്റെ വർദ്ധനയും നേടിയിരുന്നു.
ജൂൺ അഞ്ചിനാണ് വിദേശ നാണയ ശേഖരം ആദ്യമായി അരലക്ഷം കോടി ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടത്. വിദേശ നാണയ ആസ്‌തി കഴിഞ്ഞവാരം 237.2 കോടി ഡോളർ ഉയർന്ന് 47,563.5 കോടി ഡോളറിലെത്തി. കരുതൽ സ്വർണ ശേഖരം 71.2 കോടി ഡോളർ വർദ്ധിച്ച് 3,472.9 കോടി ഡോളറായെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
ഐ.എം.എഫിലെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ്‌സിൽ 50 ലക്ഷം ഡോളറിന്റെ വർദ്ധനയുണ്ട്. ഇതിപ്പോൾ 145.3 കോടി ഡോളറാണ്. ഐ.എം.എഫിലെ (അന്താരാഷ്‌ട്ര നാണയനിധി) മൊത്തം കരുതൽ ശേഖരം 454.5 കോടി ഡോളറാണ്; വർദ്ധന 1.90 കോടി ഡോളർ.
$50,000 കോടി
ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ വിദേശനാണയ ശേഖരം ആദ്യമായി 50,000 കോടി ഡോളർ മറികടന്നത്.
ഫോറെക്‌സ്
വിദേശ നാണയശേഖരം (ഫോറെക്‌സ്) ഡോളറിലാണ് സൂചിപ്പിക്കുന്നതെങ്കിലും യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയും ഇതിലുണ്ട്.