ന്യൂയോർക്ക്: തുടർച്ചയായ രണ്ടാംദിവസവും ലോകത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കാർഡിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർദ്ധനവാണിതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. വെള്ളിയാഴ്ച 2.37 ലക്ഷം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റെക്കാർഡാണ് ഇന്നലെ ഭേദിച്ചത്.
ലോകത്ത് ആകെ രോഗികൾ 1.46 കോടി കവിഞ്ഞു. അമേരിക്കയിൽ ഇന്നലെ 63,000ത്തിലധികം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലാണ് ശനിയാഴ്ച ഏറ്റവുമധികം പുതിയ കൊവിഡ് രോഗികൾ. കൊവിഡ് പടരുന്നത് തടയാൻ ഫ്രാൻസ് അതിർത്തികൾ അടയ്ക്കാനൊരുങ്ങുകയാണ്.
റോയിട്ടേഴ്സിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 7 മാസത്തിനിടെ 6 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 100 മണിക്കൂറിൽ ലോകത്ത് 10 ലക്ഷം പുതിയ രോഗികളുണ്ടായി.
ഇറാനിൽ 2.5 കോടി രോഗികൾ
ഇറാനിൽ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. ഇറാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ചാണിത്. വരും മാസങ്ങളിൽ മൂന്നരക്കോടിപ്പേരെയെങ്കിലും രോഗം ബാധിച്ചേക്കാമെന്നും റൂഹാനി വ്യക്തമാക്കി.
രാജ്യത്ത് 2.70 ലക്ഷം പേർക്കാണ് കൊവിഡ് ബാധിച്ചെന്നാണ് ഇറാൻ ഇതുവരെ പറഞ്ഞിരുന്നത്. രോഗബാധ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകൾ ഉൾപ്പെടെ വിലക്കേർപ്പെടുത്തി.
സ്പെയിനിന്റെ വടക്കു കിഴക്കൻ മേഖലയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്ക് പുറത്തുവിടുന്നത് ബ്രിട്ടൻ താത്കാലികമായി നിറുത്തി വച്ചു. പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. സർക്കാർ ഏജൻസിയായ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടാണ് കണക്കുകൾ പുറത്തുവിട്ടിരുന്നത്. കണക്കുകൾ തയ്യാറാക്കുന്ന രീതി പുനഃപരിശോധിക്കാൻ ബ്രിട്ടീഷ് സർക്കാർ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
കൊവിഡ് മീറ്റർ
ആകെരോഗികൾ: 1,44,50,316
ആകെമരണം: 6,05,587 രോഗമുക്തർ: 8,63,4750 (രോഗികൾ- മരണം) അമേരിക്ക: 38,33,716 - 1,42,881 ബ്രസീൽ: 20,75,246 - 78,817 ഇന്ത്യ:10,78,782 - 26,838 റഷ്യ: 7,71,546 - 12,342