തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വിവാദ വർക്ക് ഷാേപ്പ് ഉദ്ഘാടനത്തിന് പോയതിൽ വിശദീകരണവുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ. നിയമസഭ സമ്മേളിക്കുമ്പോഴല്ല ഉദ്ഘാടനത്തിന് പോയതെന്നും സഭ പിരിഞ്ഞതിനുശേഷമാണ് പോയതെന്നുമാണ് അദ്ദേഹം പറയുന്നത്. സഭ പിരിയുന്നതിന്റെ വീഡിയോ സഹിതമാണ് വിശദീകരണം.
നേരത്തേ സ്പീക്കർ ഉദ്ഘാടനത്തിന് പോയതിനെ വിമർശിച്ച് സി ദിവാകരൻ എം എൽ എ രംഗത്തെത്തിയിരുന്നു.
സ്ഥലം എം എൽ എ ആയിട്ടും സ്ഥാപനത്തിന്റെ ഉടമയോ സംരഭകരോ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നില്ല. സ്പീക്കർ വരുന്നുണ്ട് അതുകൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടത് പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരാണ്. നിയമസഭ നടക്കുന്ന സമയത്ത് മുഴുവൻ സമയവും സഭാ നടപടികളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. സ്പീക്കർ വരുന്നെന്ന് കേട്ടപ്പോഴാണ് എന്ത് സ്ഥാപനം ആണെന്ന് അന്വേഷിച്ചത് എന്നാണ് സി ദിവാകരൻ ഒരു സ്വകാര്യ ചാനലിൽ പറഞ്ഞത്.