തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ആശുപത്രിയിൽ എത്തി ചോദ്യം ചെയ്തു. ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഐ ബി യും ജയഘോഷിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ആത്മഹത്യാശ്രമത്തിനിടെ കൈക്ക് പരിക്കേറ്റ ജയഘോഷ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അത്മഹത്യാശ്രമം തട്ടിപ്പാണെന്നാണ് കസ്റ്റംസ് അധികൃതർ കരുതുന്നത്. തനിക്കെതിരെയുളള ഭീഷണികളെ പറ്റി ജയഘോഷ് പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളിൽ സരിത്തും സ്വപ്നയുമായി ജയഘോഷ് തുടർച്ചയായി സംസാരിച്ചിരുന്നു. അതിനാൽ ഇടപാടുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ജയഘോഷിന് അറിയാമെന്നാണ് കസ്റ്റംസ് അധികൃതരുടെ വിലയിരുത്തൽ. തന്നെ ആരോ അപായപ്പെടുത്തുമെന്ന് ആവർത്തിച്ചു പറഞ്ഞ ജയഘോഷ്,ആരിൽ നിന്നാണ് ഭീഷണിയെന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഇന്നലെ രാവിലെ മജിസ്ട്രേട്ട് എടുത്ത മൊഴിയിലും ആരിൽ നിന്നാണ് ഭീഷണിയുണ്ടായതെന്ന് ജയഘോഷ് വ്യക്തമാക്കിയിട്ടില്ല.
രണ്ടുദിവസം മുമ്പ് തുമ്പയിലെ ഭാര്യവീട്ടിൽ നിന്ന് കാണാതായ ജയഘോഷിനെ കൈത്തണ്ടയിൽ മുറിവേറ്റ് അവശനിലയയിൽ കണ്ടെത്തുകയായിരുന്നു.