cat

ന്യൂഡൽഹി:പൂച്ചകുഞ്ഞിനോടും ക്രൂരത.പൂച്ചകുഞ്ഞിനെ ജീവനോടെ ചുട്ട് കൊന്നു. ഞെട്ടിപ്പിക്കുന്ന വീഡിയോ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ലൈറ്റര്‍ ഉപയോഗിച്ച് അജ്ഞാതനായ ഒരാള്‍ പൂച്ചകുഞ്ഞിനെ തീകൊളുത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്. ഈ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികമാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തീ പിടിക്കാൻ സഹായിക്കുന്ന എന്തോ ഉപയോഗിച്ചിട്ടുണ്ടെന്നും,അതാണ് തീജ്വാല കുറയാതെ കത്തിപടരാൻ കാരണമായതെന്നും കരുതുന്നുവെന്ന് എച്ച്.എസ്‌.ഐ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ അലോക്പര്‍ണ സെന്‍ഗുപ്ത പറഞ്ഞു.ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്തിട്ട് രക്ഷപ്പെടാൻ കഴിയുന്ന വ്യക്തി ഇത്തരം പ്രവർത്തികൾ വീണ്ടും ആവർത്തിക്കും.ഈ വ്യക്തിയുടെ കൈയില്‍ നിന്ന് ഇത്തരം അനുഭവങ്ങൾ എത്രയോ മൃഗങ്ങളോ മനുഷ്യരോ നേരിട്ടിട്ടുണ്ടെന്ന് അറിയില്ല.വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമാന സംഭവങ്ങൾ ഉണ്ടായേക്കാം.അധികാരികള്‍ക്ക് സംഭവം റിപ്പോർട്ട് ചെയ്തതായും അന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോക്പര്‍ണ കൂട്ടിച്ചേര്‍ത്തു.

ഇയാളെ തിരിച്ചറിയാൻ സാധിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എച്ച്.എസ്‌.ഐയുമായി പങ്കിടണമെന്നും അവ‌ർ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.