rafeal

റോം: ഇറ്റാലിയൻ ചിത്രകാരൻ റാഫേലിന്റെ മരണകാരണം പനിയല്ല, മറിച്ച് കൊവിഡാണെന്ന് പഠന റിപ്പോർട്ട്. യേശു ക്രിസ്‍തുവിന്റെ ഉയിർപ്പ് രംഗം വരച്ച ചിത്രകാരൻ 37-ാം വയസിൽ മരിച്ചത് 'കൊവിഡിന് സമാനമായ രോഗം കാരണമാണെന്നാണ് കണ്ടെത്തൽ. 1520ലായിരുന്നു മരണം.

റാഫേലിന്റെ മരണകാരണം സിഫിലിസ് രോഗമാണെന്നാണ് കരുതിയിരുന്നത്. നിരവധി സ്ത്രീകളുമായി പ്രണയബന്ധമുണ്ടായിരുന്ന ചിത്രകാരൻ അണുബാധയേറ്റ് മരിച്ചുവെന്നാണ് അന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തിയത്.

തണുത്തുറഞ്ഞ രാത്രികളിൽ റാഫേൽ രഹസ്യമായി കാമുകിമാരെ കാണാൻ പോകുമായിരുന്നു. എന്നാൽ ഇക്കാര്യം റാഫേൽ ഡോക്ടർമാരോട് പറഞ്ഞിരുന്നില്ല. ഇതാണ് അദ്ദേഹത്തെ രോഗിയാക്കി മാറ്റിയതെന്നാണ് വിശ്വസിക്കുന്നത്.

എന്നാ? കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് മരണസമയത്ത് റാഫേൽ പ്രകടിപ്പിച്ചിരുന്നതെന്നാണ് ഇന്റേണൽ ആൻഡ് എമർജൻസി മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ.

 നിർദ്ദേശം മാർപാപ്പയുടേത്

റാഫേൽ കടുത്ത പനി ബാധിച്ച് ഗുരുതരാവസ്ഥയിലായപ്പോൾ റോമിലെ ഏറ്റവും വിദഗ്‍ദ്ധരായ ഡോക്ടർമാരാണ് ചികിത്സിച്ചത്. വിലമതിക്കാനാകാത്ത ഒരു ചിത്രകാരനെ നഷ്‍ടമാകുമെന്ന് ഭയന്ന മാർപ്പാപ്പ തന്നെയാണ് റാഫേലിന് ഏറ്റവും നല്ല ചികിത്സ നൽകാൻ നിർദ്ദേശിച്ചതെന്ന് ചരിത്രകാരൻ മൈക്കൽ ആഗസ്റ്റോ റിവ പറഞ്ഞു.

റിവയുടെ നേതൃത്വത്തിൽ റാഫേലിന്റെ മരണത്തെക്കുറിച്ച് നടത്തിയ പഠനം ഈയാഴ്‍ചയാണ് പ്രസിദ്ധീകരിച്ചത്. നേരത്തെ പഠനം പൂർത്തിയാക്കിയെങ്കിലും ഇറ്റലിയിൽ കൊവിഡ് വ്യാപിച്ചതോടെ ഡോക്ടർമാരായ ഗവേഷകർക്ക് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സമയം ലഭിച്ചില്ല. നിരവധി കൊവിഡ് രോഗികളെ ചികിത്സിച്ച അനുഭവത്തിൽ നിന്നാണ് റാഫേലിന്റെ മരണം സംബന്ധിച്ച് റിവയ്ക്കും സംഘത്തിനും പുതിയ അറിവ് ലഭിച്ചത്. കൊറോണ വൈറസ് ബാധയുടേതിനോട് വളരെ സാമ്യമുള്ള ശ്വാസകോശ രോഗമാണ് റാഫേലിനും പിടിപെട്ടതെന്ന അനുമാനത്തിൽ അവർ എത്തിച്ചേർന്നു.

യൂറോപ്യൻ നവോത്ഥാനകാല ചിത്രകാരൻ മാരായ മൈക്കലാഞ്ചലോ, ലിയനാഡോ ഡാവിഞ്ചി എന്നിവർക്കൊപ്പമായിരുന്നു റാഫേൽ

ചിത്രകാരനും ഡിസൈനറും ആർക്കിടെക്ടുമായിരുന്നു

 വലിയ ബഹുമതികളോടെയാണ് റാഫേലിന്റെ ശവസംസ്‍കാരം വത്തിക്കാനിൽ നടന്നത്.

 അദ്ദേഹത്തിന്റെ ഭൗതിക ശേഷിപ്പുകൾ റോമിൽ സൂക്ഷിച്ചിട്ടുണ്ട്.

 അദ്ദേഹത്തിന്റെ ശവകുടീരത്തിൽ വർഷം മുഴുവൻ ചുവന്ന റോസാപ്പൂക്കൾ വിടർന്ന് നിൽക്കുന്നു