world-cup

മുംബയ് : ഇൗ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിലായി ആസ്ട്രേലിയയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പ് കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുന്നതിലെ അന്തിമതീരുമാനം ഇന്ന് ഒാൺലൈനായി ചേരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ബോർഡ് യോഗത്തിൽ ഉണ്ടാകും.

16 ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ട് ഇൗ വർഷം ടൂർണമെന്റ് നടത്താൻ തങ്ങൾക്ക് കഴിയില്ലെന്ന് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടും രണ്ട് മാസത്തോളമായി ഇക്കാര്യത്തിൽ തീരുമാനം നീട്ടിനീട്ടി കൊണ്ടുപോവുകയാണ് ഐ.സി.സി. ലോകകപ്പ് മാറ്റിവയ്ക്കുകയാണെങ്കിൽ ആ സമയത്ത് ഐ.പി.എൽ സംഘടിപ്പിക്കാനിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് വലിയ തിരിച്ചടിയായിരുന്നു ഐ.സി.സി. നിലപാട്. മുൻ പ്രസിഡന്റും ബി.സി.സി.ഐയുടെ പ്രഖ്യാപിത ശത്രുവുമായ ശശാങ്ക് മനോഹർ ചെയർമാൻ സ്ഥാനത്തുനിന്ന് കാലാവധി പൂർത്തിയാക്കി മാറിയതോടെ ഇനി തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് നീങ്ങുമെന്നാണ് ബി.സി.സി.ഐ പ്രതീക്ഷ.ശശാങ്കിന് പകരം ചെയർമാനെ നിശ്ചയിക്കുന്ന കാര്യത്തിലും ചർച്ച നടക്കും.

ലോകകപ്പ് മാറ്റുന്നതിൽ ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനും ഇന്ത്യയോട് യോജിച്ച നിലപാടാണുള്ളത്. പാകിസ്ഥാൻ ഒഴികെയുള്ള ബോർഡുകൾ മാറ്റിവയ്ക്കുന്നതിനെ എതിർക്കാൻ ഇടയില്ല. അതേസമയം ഐ.പി.എൽ ഇൗ വർഷം സെപ്തംബർ 26 മുതൽ നവംബർ ഏഴുവരെ യു.എ.ഇയിൽ നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഉന്നതതല യോഗത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ ലോകകപ്പ് മാറ്റിവച്ചുകൊണ്ടുള്ള ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അറിയിപ്പ് വന്നാൽ മാത്രമേ ഐ.പി.എൽ സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം നടത്താൻ ബി.സി.സി.ഐക്ക് കഴിയുകയുള്ളൂ.

ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഐ.സി.സിയിൽ നിന്ന് ഏറെക്കുറെ ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് ബി.സി.സി.ഐ തീയതി സംബന്ധിച്ച ചർച്ചയിലേക്ക് കടന്നതെന്നാണ് അറിയുന്നത്.

യു.എ.ഇയിൽ തന്നെയാകും ഐ.പി.എല്ലെന്ന് ബി.സി.സി.ഐ ഫ്രാഞ്ചൈസികൾക്ക് ഉറപ്പുനൽകിയതായി അറിയുന്നു. പലടീമുകളും ഇതനുസരിച്ച് യു.എ.ഇയിൽ താരങ്ങൾക്ക് ക്വാറന്റൈനിൽ കഴിയാനുള്ള ഹോട്ടലുകളും പരിശീലന ഗ്രൗണ്ടുകളും ബുക്ക് ചെയ്ത് തുടങ്ങി.

കൊവിഡിൽ നിന്ന് മുക്തിനേടിയ ന്യൂസിലാൻഡും തൊട്ടടുത്ത ശ്രീലങ്കയും ഒക്കെ ചർച്ചയിൽവന്നിട്ടും ആദ്യ വേദിയായി പരിഗണിക്കപ്പെട്ടത് യു.എ.ഇയാണ്. കൊവിഡ് ഭീഷണിയിൽ നിന്ന് മുക്തി നേടിക്കാെണ്ടിരിക്കുന്ന യു.എ.ഇയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് കളിക്കാർക്ക് വന്നെത്താനുള്ള സൗകര്യമാണ് ഇതിന് പ്രധാനകാരണം. ദുബായ്,അബുദാബി,ഷാർജ എമിറേറ്റ്സുകളിലെ സ്റ്റേഡിയങ്ങളിലായി ടീമുകൾക്ക് അധികം യാത്രയില്ലാതെ ടൂർണമെന്റ് നടത്താനുമാകും. ടൂർണമെന്റിന് മുമ്പ് കളിക്കാരെ ബയോ സെക്യുർ അന്തരീക്ഷത്തിൽ ക്വാറന്റൈൻ ചെയ്യിക്കാനും വേണ്ടത്ര സൗകര്യം. ഇന്ത്യൻ കളിക്കാർ മിക്കവാറും ഐ.പി.എല്ലിലും കളിക്കുന്നതിനാൽ ദേശീയ ടീം ക്യാമ്പും യു.എ.ഇയിലേക്ക് മാറ്റി​യേക്കും.